ആഹാരത്തിനും ഔഷധത്തിനും മാത്രമല്ല വാഴ നമ്മുടെ സംസ്കാരത്തിന്റെയും ആചാരത്തിന്റെയും കൂടി ഭാഗമാണ്. മനുഷ്യന്റെ ജീവിതോപാധി കൂടിയാണ് വാഴ. വാഴയെ 'കല്പ തരു' എന്ന് വിശേഷിപ്പാം. കല്പതരു എന്നാൽ പരിശുദ്ധ സസ്യം അഥവാ ആഗ്രഹ സഫലീകരണം നൽകുന്ന സസ്യം എന്നർത്ഥം. പ്ലീനിയെപ്പോലുള്ള പുരാതന റോമൻ എഴുത്തുകാർ 'പള' എന്ന പേരിൽ വാഴപ്പഴത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കേരളവും മദ്രാസും കർണാടകവുമൊക്കെ ചേർന്ന പഴയ ദക്ഷിണേന്ത്യയിൽ നിലവിലുണ്ടായിരുന്ന 'പളം' എന്ന പദത്തിൽ നിന്നാണ് 'പള' എന്ന വാക്കുണ്ടായതെന്ന് കരുതുന്നു.
ഋഗ്വേദത്തിലും രാമായണ മഹാഭാരതങ്ങളിലും വാഴപ്പഴത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കൂടാതെ ബൈബിളിലും ബുറാനിലും വാഴയുടെ മാഹാത്മത്യക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ക്ഷേത്രങ്ങളിൽ നിവേദ്യം സമർപ്പിക്കുന്നതും വാഴയിലയിലാണ്.വാഴ വളർന്ന് കനി നൻകി കഴിയുന്നതോടെ അമ്മ മരം നശിച്ചുപോകുന്നതിനാൽ നശ്വരജീവിതത്തിന്റെ നേർകാഴ്ചയാണ് വാഴ എന്ന് ശ്രീബുദ്ധൻ പറഞ്ഞിട്ടുണ്ട്. നശ്വരജീവിതത്തിൽ നിന്നും മുക്തി നേടുന്നതിനായി വാഴയുടെ ചുവട്ടിൽ ആത്മീയാചാര്യന്മാർധ്യാനനിമഗ്നരായിരിക്കുന്നത് ചൈനീസ് ചിത്രങ്ങളിൽ കാണാം.
'വാഴ'യുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. വാഴക്കായയിൽ നിന്നും നല്ല ആരോഗ്യ പാനീയവും വാഴപ്പഴത്തിൽ നിന്നും ജാമും ജെല്ലിയും ഒക്കെ തയ്യാറാക്കാം. ഏത് വിശേഷാവസരത്തിലും സദ്യ വിളമ്പാൻ വാഴയില ഉപയോഗിച്ചു വരുന്നു. വാഴകൂമ്പും വാഴപ്പിണ്ടിയും നിത്യാേപയോഗ വസ്തുവായി മാറിയിരിക്കുന്നു. വാഴപ്പഴവും ശർക്കരയും ചേർത്ത പഴപ്പായസം. പുട്ടിനും ഉപ്പുമാവിനും പഴമില്ലാതെ എന്ത് രുചി.
ഔഷധി ഇനങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഔഷധിയാണ് വാഴ. വാഴ സ്വഭാവികമായും വളരുന്നത് ഉഷ്ണമേഖലകളിലാണെങ്കിലും വാഴയുടെ ശരീരത്തിന്റെ 80 % വെള്ളമാണ്. ആയിരം ഇനങ്ങളും 50 ഉപയിനങ്ങളുമൊക്കെയുള്ള വലിയ ലോകമാണ് വാഴയ്ക്കുള്ളത്.
വളർന്ന് വലുതായി നശിക്കുമെങ്കിലും സ്വയം മുളപൊട്ടി ഭൂജാതമാകാനും പരമ്പര തുടരാനും വാഴയ്ക്ക് സാധിക്കുന്നു. കുല വെട്ടിയാലുടൻ മാതൃസസ്യം മരിക്കുന്നു. കപടകാണ്ഡമാണ് കുല വെട്ടുമ്പോൾ മുറിക്കപ്പെടുന്നത്. വിളവെടുപ്പ് അടുക്കുമ്പോൾ മാതൃസസ്യത്തിന്റെ ചുവട്ടിൽ നിന്നും വശങ്ങളിലേക്ക് പുതുനാമ്പുകൾ പൊട്ടി മുളയ്ക്കും. ഇങ്ങനെ പൊട്ടി മുളയ്ക്കുന്ന പുതു തൈകളാണ് വാഴയ്ക്ക് അമരത്വം നൽകുന്നത്.
പത്തനംതിട്ട നഗരോത്സവ പുഷ്പമേളയോടനുബന്ധിച്ചുള്ള വാഴ മഹോത്സവത്തിൽ വാഴയെ കൂടുതൽ അടുത്തറിയാം.
വാഴ - ഒരു വിശുദ്ധ സസ്യം
ആഹാരത്തിനും ഔഷധത്തിനും മാത്രമല്ല വാഴ നമ്മുടെ സംസ്കാരത്തിന്റെയും ആചാരത്തിന്റെയും കൂടി ഭാഗമാണ്.
Share your comments