കേരളം നേരിടുന്ന അസാധാരണമായ മഴക്കെടുതിയിൽ തോട്ടം മേഖല ദുരിതക്കയത്തിലായി.കാർഷിക കേരളത്തിൻ്റെ നട്ടെല്ല് തകർത്ത മഴയിൽ ഇപ്പോഴുണ്ടായ ഉത്പാദന നഷ്ടം മാത്രം 1000 കോടിയിലേറെ വരുമെന്ന് കണക്കാക്കുന്നു. റബർ, കുരുമുളക്, ഏലം തുടങ്ങിയ വിളകൾക്ക് വൻ തോതിൽ സ്ഥായിയായ നാശനഷ്ടം സംഭവിച്ചിടുണ്ട്.
റബർ മേഖലയിൽ പുതിയ ടാപ്പിംഗ് സീസൺ തുടങ്ങുന്നത് മൺസൂൺ കാലത്താണ്. എന്നാൽ മഴ മൂലം കഴിഞ്ഞ രണ്ടു മാസമായി റബർ തോട്ടങ്ങളിൽ കാര്യമായ ഒരു പ്രവർത്തനവും നടക്കാത്ത സ്ഥിതിയാണ്. റബ്ബറിൻ്റെ വിലത്തകർച്ച മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർ ഉത്പാദന നഷ്ടവും കൂടിയായതോടെ വൻ ദുരിതത്തിലാണ്. മഴ കനത്ത പ്രഹരം ഏൽപ്പിച്ചിരിക്കുന്നത് ഇടത്തരം റബർ കർഷകരെയാണ് .
കനത്ത പേമാരി ദുരന്തം വിതച്ച ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ മലയോര ജില്ലകളുടെ സാമ്പത്തിക നട്ടെല്ല് തന്നെ ഇത് മൂലം തകർന്നു.പ്ലാന്റേഷൻ മേഖല കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കൾ കൂടിയാണ്.എന്നാൽ മാസങ്ങളായി വൻകിട തോട്ടങ്ങളിൽ പോലും കാർഷിക ജോലികൾ മുടങ്ങിയതിനാൽ ഈ മേഖലയിലെ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്.
അടിസ്ഥാന സൗകര്യങ്ങൾ തകർന്നത് മൂലം ഉണ്ടായ നഷ്ടത്തിൻ്റെ കണക്കെടുപ്പ് ഇപ്പോൾ അസാധ്യമാണ്. തോട്ടം മേഖലയിലെ ഉത്പാദനം കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 30 ശതമാനം കുറഞ്ഞു. ചരിത്രത്തിൽ ഇല്ലാത്ത അസാധാരണമായ സാഹചര്യമാണ് മഴ, തോട്ടം മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്വതവേ പ്രതിസന്ധിയിലായിരുന്ന മേഖലയ്ക്ക് ഒരു തിരിച്ചുവരവ് അസാധ്യമാകുന്ന തരത്തിലുള്ള ദുരന്തമാണ് ഇത്തവണ മഴ നൽകിയിരിക്കുന്നത്.
മഴ മാറിയാൽ മറ്റു മേഖലകളെ പോലെ തോട്ടം മേഖലയിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഉത്പാദനം പുനരാരംഭിക്കുന്നതിനു ആഴ്ചകൾ തന്നെ വേണ്ടി വന്നേക്കും. കുരുമുളക്, ഏലം തുടങ്ങിയ മേഖലയിൽ വള്ളികൾക്കും ചെടികൾക്കും വൻ നാശം ഉണ്ടായിട്ടുണ്ട്. പലയിടത്തും വെള്ളവും ചെളിയും ചെടികളെ പാടെ നശിപ്പിച്ചിട്ടുണ്ട്. കടപുഴകി വീണ് നൂറു കണക്കിന് റബർ മരങ്ങൾ നശിച്ചു. റബർ കൃഷി കേരളത്തിന് അന്യമാകുന്ന സാഹചര്യമാണ് ഈ മഴക്കാലം കേരളത്തിന് നൽകിയിരിക്കുന്നത്.
Share your comments