നിരോധനത്തിനു മുന്നോടിയായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം പറഞ്ഞു. ചൂടുള്ള ആഹാര സാധനങ്ങൾ പ്ലാസ്റ്റിക്കിൽ വിളമ്പുമ്പോഴും പൊതിഞ്ഞു നൽകുമ്പോഴും ഉണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചു അവരെ ധരിപ്പിക്കും. പ്ലാസ്റ്റിക്കിനു പകരം ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് ഒന്നോ, രണ്ടോ മാസത്തെ സാവകാശം നൽകും.അതിനുശേഷം പൂർണമായി നിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്. ആഹാര സാധനങ്ങൾ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും സഹകരണത്തോടെ മാത്രമേ നിരോധനം എളുപ്പത്തിൽ നടപ്പിൽ വരുത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്; പ്രത്യേകിച്ച് നഗരങ്ങളിൽ.വിഭവങ്ങൾ തയ്യാറാക്കി ചൂടോടെ പ്ലാസ്റ്റിക് ഡബ്ബയിൽപകർന്നു നൽകുകയാണ് കടക്കാർ ചെയ്യുന്നത്. ചൂടോടെ ഉപയോഗിക്കാനാണ് വാങ്ങുന്നവർക്കും ഇഷ്ടം. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരിയ പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതുകൊണ്ട് പേപ്പർ ഗ്ലാസുകളും പൂർണമായി സുരക്ഷിതമല്ല.
ചെറുകിട ഹോട്ടലുകളിൽ തട്ടുകടകളിലും പ്ലാസ്റ്റിക് കവറിൽ കറികളും മറ്റും ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.പ്ലാസ്റ്റിക്കിലുള്ള പ്ലാസ്റ്റിസൈസറും മറ്റും മാക്യുലർ ഡീജനറേഷൻ എന്ന നേത്രരോഗത്തിന് കാരണമാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.പ്ലാസ്റ്റിക് രാസവസ്തുക്കൾ കോശങ്ങളിൽ അടിഞ്ഞുകൂടുകയും അത് റെറ്റിനയ്ക്കും രക്തക്കുഴലുകൾക്കും കേടുണ്ടാക്കുകയും ചെയ്യും.ബംഗളൂരു ഹെയർലൈൻ ഇന്റർനാഷണൽ റിസർച്ച് ആൻഡ് ട്രീറ്റ്‌മെന്റ് സെന്റർ നടത്തിയ പഠനത്തിൽ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ബിസ്‌ഫെനോൾ വലിയ മുടികൊഴിച്ചിലിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു .
Share your comments