മുണ്ടകൻകൊയ്‌ത്ത് തുടങ്ങിയ സാഹചര്യത്തിൽ കൊയ്‌ത്തുമെതിയന്ത്രം കുറഞ്ഞ നിരക്കിൽ കർഷകർക്കെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി തൃശൂർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മാത്യു ഉമ്മൻ അറിയിച്ചു.
അമ്പതോളം കൊയ്‌ത്തുമെതിയന്ത്രങ്ങളാണ് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനുള്ളത്. ഇവയിൽ ചുരുക്കംചിലത് അറ്റകുറ്റപ്പണികളിലാണ്. സീസണല്ലാത്തതിനാൽ യന്ത്രങ്ങൾ അധികവും ആലപ്പുഴയിലാണ്. കർഷകർ ആവശ്യപ്പെടുകയാണെങ്കിൽ ഇവയെല്ലാം തിരിച്ചെത്തിച്ച് ജില്ലയിലെ കർഷകർക്കായി അനുവദിക്കും.
കർഷകർ യന്ത്രങ്ങൾ ആവശ്യപ്പെടാറില്ല. ഏജന്റുമാർ മുഖേന കൊയ്‌ത്ത് നടത്തുന്ന പ്രവണതയാണുള്ളത്. ജില്ലയിൽ പലയിടത്തും അമിതനിരക്ക് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്‌ച കളക്ടർ ഉൾപ്പെടെയുള്ളവരുടെ യോഗം ഇതുമായി ബന്ധപ്പെട്ട് കൂടുന്നുണ്ട്. ഇതിൽ നിരക്കിനെ സംബന്ധിച്ച് തീരുമാനമുണ്ടാകും. സർക്കാർ തീരുമാനിക്കുന്ന നിരക്കിലും കൂടുതൽ ഈടാക്കാൻ അനുവദിക്കില്ല.
കർഷകർ ആവശ്യപ്പെടുന്ന സമയത്ത് യന്ത്രങ്ങൾ ലഭ്യമാക്കാൻ എല്ലാ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കോൾ ലെയ്‌സൺ ഓഫീസർ ഡോ. വിവൻസ് അറിയിച്ചു.
Share your comments