1. ജനിക്കുന്ന രണ്ടാമത്തെ പെൺകുട്ടിക്കും ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. പെൺകുട്ടികളുടെ ജനനനിരക്ക് കുറഞ്ഞുവരുന്ന സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇനിമുതൽ, രണ്ടാമതും പെൺകുട്ടി ജനിക്കുകയാണെങ്കിൽ 6,000 രൂപ മാതാവിന് ലഭിക്കും. ഇതിനുമുമ്പ് ആദ്യ പ്രസവത്തിൽ പെൺകുട്ടികൾ ജനിക്കുന്ന മാതാവിന് മാത്രമാണ് ആനുകൂല്യം ലഭിച്ചിരുന്നത്. ആനുകൂല്യത്തിന് അർഹരായവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യാം.
2022 ഏപ്രിൽ 1ന് ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മമാർക്കാണ് മുൻകാല പ്രാബല്യത്തോടെ ധനസഹായം ലഭിക്കുക. സ്ത്രീകൾക്ക് ഗർഭകാലത്ത് സുരക്ഷിതത്വം ഉറപ്പാക്കുക, വേതന നഷ്ടം പരിഹരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ഗഡുക്കളായി മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. കേരളത്തിലെ പദ്ധതി നടത്തിപ്പിന് സംസ്ഥാന ശിശുവികസന ഡയറക്ടർ ഉത്തരവിറക്കി.
2. കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോക വിപണിയിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നാം മുന്നോട്ട്’ എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികോത്പന്നങ്ങളുടെ മൂല്യ വർധനയ്ക്ക് പ്രാധാന്യം നൽകാനുള്ള നടപടികൾ കൃഷിക്കാർക്കും കാർഷിക മേഖലയ്ക്കും ഉത്തേജനം പകരമെന്നും വിവിധതരം ഉത്പന്നങ്ങളുടെ ഇത്തരം സാധ്യതകൾ പരമാവധി ഉപയോഗിക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടുതൽ വാർത്തകൾ: Ration വിതരണം തുടങ്ങി; വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി
3. ആലത്തൂരില്‍ വിത്തുത്സവം-2023 കര്‍ഷക മേളയ്ക്ക് തുടക്കം. ആലത്തൂര്‍ ബ്ലോക്ക് തല ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നൂറിലധികം നാടന്‍ നെല്‍വിത്തുകളും പച്ചക്കറി ഇനങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിർവഹിച്ചു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആത്മ പദ്ധതി, കേരള കാര്‍ഷിക സര്‍വകലാശാല, തണല്‍ തിരുവനന്തപുരം, കേരള ജൈവ കര്‍ഷക സമിതി, നിറ, ബോധി ആലത്തൂര്‍ എന്നിവരുടെ സഹകരണത്തോടെ ജൈവ കര്‍ഷകരുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്.
4. കേരളത്തിൽ കശുവണ്ടിയുടെ വില കുത്തനെ ഇടിഞ്ഞു. 1 കിലോ കശുവണ്ടിയ്ക്ക് 110 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 85 രൂപയാണ് വില. മലയോര കർഷകരെയാണ് വിലയിടിവ് കൂടുതൽ ബാധിച്ചത്. കാലാവസ്ഥ വ്യതിയാനവും സർക്കാർ പ്രഖ്യാപിച്ച തറവില ലഭിക്കാതെയും വന്നതോടെ, കിട്ടിയ വിലയ്ക്ക് ഉൽപന്നം വിൽക്കേണ്ട അവസ്ഥയാണ് കർഷകർക്ക്.
5. കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തമാകാൻ കാരണം. ചക്രവാതച്ചുഴി തീവ്രന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Share your comments