<
  1. News

രണ്ടാം പ്രസവത്തിലും പെൺകുട്ടിയെങ്കിൽ 5,000 രൂപ ധനസഹായം..കൂടുതൽ വാർത്തകൾ

പ്രധാനമന്ത്രി മാതൃവന്ദന യോജന വഴി ജനിക്കുന്ന രണ്ടാമത്തെ പെൺകുട്ടിക്കും ധനസഹായം ലഭിക്കും

Darsana J

1. പ്രധാനമന്ത്രി മാതൃവന്ദന യോജന വഴി ജനിക്കുന്ന രണ്ടാമത്തെ പെൺകുട്ടിക്കും ധനസഹായം ലഭിക്കും. ഇതിനുമുമ്പ് ആദ്യ പ്രസവത്തിൽ പെൺകുട്ടികൾ ജനിക്കുന്ന മാതാവിന് മാത്രമാണ് ആനുകൂല്യം ലഭിച്ചിരുന്നത്. ഇനിമുതൽ, രണ്ടാമതും പെൺകുട്ടി ജനിക്കുകയാണെങ്കിൽ 5,000 രൂപ വീണ്ടും ലഭിക്കും. സ്ത്രീകൾക്ക് ഗർഭകാലത്ത് സുരക്ഷിതത്വം ഉറപ്പാക്കുക, വേതന നഷ്ടം പരിഹരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ഗഡുക്കളായി മാതാവിന്റെ ബാങ്ക് അക്കൗണ്ടിലാണ് പണം എത്തുക. പൊതുമേഖല, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ തുടങ്ങിയവർക്ക് സഹായം ലഭിക്കില്ല. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പദ്ധതി വഴി ആനുകൂല്യം ലഭിക്കും. 2022 ഏപ്രിൽ 1ന് ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മമാർക്ക് മുൻകാല പ്രാബല്യത്തോടെ ധനസഹായം ലഭിക്കും.

കൂടുതൽ വാർത്തകൾ: റേഷൻ വാങ്ങാൻ വൻ തിരക്ക്; പാകിസ്ഥാനിൽ 11 മരണം..കൂടുതൽ വാർത്തകൾ

2. മികച്ച ആയിരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് 100 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാന വ്യവസായ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച എം.എസ്.എം.ഇ. ഉച്ചകോടി മന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 1 ലക്ഷത്തിലധികം സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപവും 2 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ഉറപ്പാക്കുകയും ചെയ്തു. 35 ശതമാനം വനിതാ സംരംഭകരെ പുതുതായി വ്യവസായ രംഗത്ത് എത്തിക്കാൻ സാധിച്ചതായി ചടങ്ങിൽ മന്ത്രി പറഞ്ഞു.

3. കൊല്ലം ജില്ലയിലെ വെളിനല്ലൂർ, അലയമൺ പഞ്ചായത്തുകളിൽ സൗജന്യമായി മുട്ടക്കോഴിയും, കൂടും, തീറ്റയും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും കേരള വെറ്റിനറി സർവ്വകലാശാലയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന AICRP ഓൺ പൗൾട്രി ഫോർ എഗ്ഗ്‌സ് പദ്ധതി പ്രകാരമാണ് കോഴികളെ വിതരണം ചെയ്തത്. ഗ്രാമ പ്രദേശങ്ങൾക്ക് അനുയോജ്യമായ കോഴി ഇനങ്ങളെ കണ്ടെത്തി പരിരക്ഷിക്കുക, ഗ്രാമ പ്രദേശങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും അനുയോജ്യമായ ശാസ്ത്രീയ കോഴി പരിപാലന രീതികൾ പ്രചരിപ്പിക്കുക, എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

4. കോട്ടയം ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയത് 3.23 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. മൃഗപരിപാലനത്തിനായി 1.08 കോടി രൂപയും അടിസ്ഥാന സൗകര്യവികസനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കുമായി 2.15 കോടി രൂപയുമാണ് ചെലവഴിച്ചത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല അടിയന്തര സേവനം ആരംഭിച്ചു. ഗോട്ട് സാറ്റലൈറ്റ് പദ്ധതി വഴി 55 ഗുണഭോക്താക്കൾക്ക് 4 മുതൽ 6 മാസം വരെ പ്രായമുള്ള മലബാറി ഇനത്തിൽപ്പെട്ട അഞ്ച് പെണ്ണാടിനെയും ഒരു മുട്ടനാടിനെയും നൽകി. പശുക്കളിലെ വന്ധ്യതാ നിവാരണവുമായി ബന്ധപ്പെട്ട ചികിത്സകളും അനുബന്ധ ക്യാമ്പുകളും സംഘടിപ്പിക്കാൻ 20 മൃഗാശുപത്രികൾക്ക് 2 ലക്ഷം രൂപയാണ് അനുവദിച്ചത്.

5. വഴിയോരങ്ങളിൽ തണൽമരങ്ങൾ നട്ട് പ്രകൃതിക്ക് സംരക്ഷണം ഒരുക്കുകയാണ് തൃശൂർ ജില്ലയിലെ പോർക്കുളം ഗ്രാമപഞ്ചായത്ത്. 12, 13 വാർഡുകളിലാണ് വനവൽകരണവും സംരക്ഷണവും പദ്ധതി പ്രാവർത്തികമാക്കുന്നത്. 13.26 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു. 367 തൊഴിൽദിനങ്ങളിലൂടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിൽ മാതൃകാ കൃഷിത്തോട്ടം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ എന്നിവയിലൂടെ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘങ്ങള്‍ക്ക് സൗജന്യമായി നടീല്‍ വസ്തുക്കളും വിതരണം ചെയ്തു.

7. മണ്ണിന്റെ ഗുണമേന്മ ഇനി വിരൽത്തുമ്പിലൂടെ അറിയാം. മണ്ണിന്റെ ഗുണദോഷങ്ങൾ തിരിച്ചറിയാൻ പുതിയൊരു ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേരള. പ്ലേ സ്റ്റോറില്‍ നിന്നും മണ്ണ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ജി പി എസ് ഓണാക്കി ‘പോഷക നില പരിശോധിക്കുക’ എന്ന ഓപ്ഷനിലൂടെ മണ്ണിന്റെ പ്രത്യേകതകൾ അറിയാൻ സാധിക്കും. വിളകൾ തെരഞ്ഞെടുക്കാനും വളപ്രയോഗത്തിന്റെ രീതി അറിയാനും ആപ്പ് കര്‍ഷകരെ സഹായിക്കും. കാപ്പി, നെല്ല് തുടങ്ങി 21 വിളകളുടെ വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും.

8. കണ്ണൂർ പായം പഞ്ചായത്തിലെ മൂന്ന് ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മൂന്ന് ഫാമുകളിലെയും പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് തീരുമാനം. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും കടകളുടെ പ്രവർത്തനവും മൂന്ന് മാസത്തേക്ക് നിരോധിച്ചു.

9. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചെമ്മീന് നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഇറക്കുമതി താൽകാലികമായി സൗദി നിർത്തി വച്ചത്. ചെമ്മീനിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യമാണ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയത്.

10. കേരളത്തിൽ വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇടിമിന്നലും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: pm matru vandana yojana 5,000 financial assistance in case of girl child also in second birth

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds