<
  1. News

ഇന്ത്യയുടെ കൃഷിസാധ്യതകള്‍

പൊതുജനാഭിപ്രായ രൂപീകരണം സംബന്ധിച്ച് ജര്‍മ്മന്‍ രാഷ്ട്രതന്ത്ര വിശാരദ എലിസബത്ത് നോയല്‍ ന്യൂമാന്‍ തയ്യാറാക്കിയതാണ് 'സ്‌പൈറല്‍ ഓഫ് സൈലന്‍സ്' തിയറി. ഒരുവിഷയത്തില്‍ ഒരാളുടെ അഭിപ്രായത്തെ മറ്റുളളവരുടെ അഭിപ്രായം ഏതുവിധത്തില്‍ സ്വാധീനിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ തിയറി.

Ajith Kumar V R
പൊതുജനാഭിപ്രായ രൂപീകരണം സംബന്ധിച്ച് ജര്‍മ്മന്‍ രാഷ്ട്രതന്ത്ര വിശാരദ എലിസബത്ത് നോയല്‍ ന്യൂമാന്‍ (Elizabeth Noyal Newman)തയ്യാറാക്കിയതാണ് 'സ്‌പൈറല്‍ ഓഫ് സൈലന്‍സ്' തിയറി(Spiral of Silence theory). ഒരുവിഷയത്തില്‍ ഒരാളുടെ അഭിപ്രായത്തെ മറ്റുളളവരുടെ അഭിപ്രായം ഏതുവിധത്തില്‍ സ്വാധീനിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ തിയറി.  ഒരു വിഷയത്തില്‍ വളരെ തീവ്രമായി പ്രതികരിക്കുന്ന ഗ്രൂപ്പിന് മറ്റുളളവരുടെ അഭിപ്രായത്തിനുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിയുന്നതു സംബന്ധിച്ച് തിയറി വിശദീകരിക്കുന്നു. കൃത്യവും വ്യക്തവുമായ അഭിപ്രായം ന്യൂനപക്ഷത്തിന്റേതാണെങ്കില്‍ അത് ഭൂരിപക്ഷാഭിപ്രായത്തിനു മുന്നില്‍ അമര്‍ന്നുപോകും എന്നതാണ് തിയറി. ഇന്ത്യയുടെ കാര്‍ഷികരംഗത്തെക്കുറിച്ച് പെസിമിസ്റ്റിക്കായ ഒരഭിപ്രായം എന്നും മേല്‍ക്കൈ നേടുന്നതും ഈവിധമാണ്. ഇന്ത്യയുടെ കൃഷിരീതി പുരാതനവും വികസനരഹിതവും സാമ്പത്തികമായി ഗുണകരവുമല്ല എന്ന പ്രചാരണത്തിനാണ് എന്നും മുന്‍തൂക്കം കിട്ടിയിട്ടുളളത്. ഇത് മനഃപൂര്‍വ്വമായി പ്രചരിപ്പിക്കുന്ന ഒരു ലോബിയും ഇവിടെയുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിനു വിരുദ്ധമാണെന്നു കാണാം. 
ഭാരതീയര്‍ക്ക്, കൃഷി ഒരു ശാസ്ത്രവും കലയും കച്ചവടവും സംസ്‌കാരവുമാണ് എന്നതാണ് സത്യം.  ശാസ്ത്രമെന്നത് ഏവര്‍ക്കും മനസ്സിലാകുമെങ്കിലും കൃഷിയുടെ കല എല്ലാവര്‍ക്കും മനസ്സിലായെന്നുവരില്ല. ശാസ്ത്രം എല്ലായിടത്തും ഒരുപോലെയാണെങ്കിലും കല സ്ഥലത്തിനും മനുഷ്യര്‍ക്കുമൊപ്പം മാറിക്കൊണ്ടിരിക്കും. കൃഷിയില്‍ ഒരേ രീതി എല്ലായിടത്തേക്കും എന്ന സമീപനം ശരിയാകാത്തതും ഇതുകൊണ്ടുതന്നെയാണ്. 
ലോകത്ത് കൃഷി ആരംഭിച്ചത് paleolithic  കാലഘട്ടത്തിന് ശേഷം 14500-12000 ബി.സിയില്‍ ഏഷ്യയിലാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ സാങ്കേതികമായും ശാസ്ത്രീയമായും വികസിച്ച് പുഷ്ടിപ്പെട്ട കൃഷിസമ്പ്രദായം കൃഷി നവോത്ഥാനത്തിലൂടെ വീണ്ടും ഏഷ്യയിലെത്തി നില്‍ക്കുന്നതാണ് ഇന്നിന്റെ കാഴ്ച. ചെറിയ കൃഷിയിടങ്ങളിലെ വൈവിദ്ധ്യമാര്‍ന്ന കൃഷിയിലൂടെയാണ് ഇത് സാധ്യമായത്. 2016 മാര്‍ച്ച് 11 ന് ഡല്‍ഹിയില്‍ നടന്ന അഡ്വാന്‍സിംഗ് ഏഷ്യ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് 21-ാം നൂറ്റാണ്ട് ഏഷ്യയുടെ സ്വന്തമായിരിക്കുമെന്നാണ്. ഇത് യാഥാര്‍ത്ഥ്യമാകുന്ന കണക്കുകളാണ് നമുക്ക് ലഭ്യമാകുന്നതും. ആഗോളസമ്പത്തിന്റെ 40 ശതമാനവും ആഗോള ജി.ഡി.പിയുടെ മൂന്നില്‍ രണ്ടും സംഭാവന ചെയ്യുന്നത് ഏഷ്യയാണ്. ലോകത്തിലെ കാര്‍ഷികോല്പാദനത്തിന്റെ 50 ശതമാനവും ഏഷ്യയുടെ സംഭാവനയാണെന്നത് ഇതിലും ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ ചൈനയുടെ ശരാശരി കൃഷിയിടം 0.6 ഹെക്ടറും ഇന്ത്യയിലേത് 1.13 ഹെക്ടറുമാണെന്നത് ഓര്‍ക്കേണ്ടതുണ്ട്. ഇത് പടിഞ്ഞാറന്‍ നിരക്കനുസരിച്ച് വളരെ കുറവാണെന്നുകാണാം.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യം പോലെ ബഹുസ്വരതയുളളതാണ് നമ്മുടെ കൃഷിയും. നമ്മുടെ പരിസ്ഥിതി, വിളകള്‍, ഭക്ഷണരീതി എന്നിവയിലെ വൈവിദ്ധ്യം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അവ പരസ്പര പൂരിതമാകുകയും ഒന്ന് മറ്റൊന്നിന് താങ്ങാവുകയും ചെയ്യുന്നു. ഇന്ത്യ കാര്‍ഷികരംഗത്ത് വ്യത്യസ്ത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പവര്‍ഹൗസായി മാറുന്നതും ഇതുകൊണ്ടുതന്നെയാണ്. ഇന്ത്യയെപ്പോലെ വൈവിദ്ധ്യമുളള ഭക്ഷണവിളകളും ഭക്ഷണേതര വിളകളും മറ്റൊരു രാജ്യത്തും കാണാന്‍ കഴിയില്ല. നമ്മുടെ വളരെ ചെറിയ കുടുംബ ഫാമുകളില്‍ സമാനതകളില്ലാത്ത വിധമുളള കൂട്ടുകൃഷി സമ്പ്രദായം നമുക്ക് കാണാന്‍ കഴിയും. ഒരേസമയം കര്‍ഷകന്‍ പാലുല്പാദകനും ആടുവളര്‍ത്തലുകാരനും കോഴിവളര്‍ത്തുകാരനും മീന്‍ വളര്‍ത്തുന്നവനുമായി മാറുന്നത് കാണാം. വാഴകൃഷി ചെയ്യുന്ന വ്യക്തി അതേസമയം പച്ചക്കറിയും ചോളവും തെങ്ങും കൃഷിചെയ്യുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ലോകത്തില്‍ ഉയര്‍ന്ന വിളതീവ്രതയുളള രാജ്യം ഇന്ത്യയാണെന്ന് മനസ്സിലാക്കാം. 
വികസിതരാജ്യങ്ങളില്‍ ഫാമുകള്‍ വ്യവസായവത്കരിച്ചതിനാലും വിളകള്‍ specialize ചെയ്തിട്ടുളളതിനാലും അവിടെ ഉല്പാദനം ഉയര്‍ന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ വിളകളുടെ വൈവിദ്ധ്യം കാര്‍ഷികരംഗത്തെ സാമ്പത്തികക്രിയ മെച്ചമാക്കുന്നു എന്നുകാണാം. മികച്ച വിത്തുകളും വളങ്ങളും കീടനാശിനികളും ഫാം ഉപകരണങ്ങളും മികച്ച വിനിമയസൗകര്യങ്ങളും ആഭ്യന്തരമായി തയ്യാറാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതിനാലാണ് നമുക്കിപ്പോള്‍ കൃഷിയില്‍ ആഗോള നേതൃത്വം നേടാന്‍ കഴിയുന്നത്. ഇത് 1970 ലെ ഹരിത വിപ്ലവകാലത്തില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. 1970 മുതലുളള 30 വര്‍ഷക്കാലം വളരെ സാവധാനത്തിലുളള കാര്‍ഷിക ജി.ഡി.പി ഉയര്‍ച്ചയാണുണ്ടായത്. അതും നെല്ലും ഗോതമ്പും അടിസ്ഥാനമാക്കിയുളള  വളര്‍ച്ചയായിരുന്നുതാനും. 25 ബില്യണ്‍ ഡോളറില്‍ നിന്നും 101 ബില്യണ്‍ ഡോളറിലേക്കായിരുന്നു ഈ വളര്‍ച്ച. എന്നാല്‍ 2000-2014 കാലത്ത് നാം വലിയ കുതിപ്പാണ് നടത്തിയത്. ഇത് 101 ബില്യണില്‍ നിന്നും 367 ബില്യണ്‍ ഡോളറിലേക്കായിരുന്നു. ഇതിന് കാരണമായത് ഹോര്‍ട്ടികള്‍ച്ചര്‍, ഡയറി, പൗള്‍ട്രി, ഇന്‍ലാന്‍ഡ് ഫിഷറീസ് എന്നീ മേഖലകളാണുതാനും. ഇന്ത്യയുടെ ഈ കുതിപ്പ് തുടരുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയും. (ഇപ്പോള്‍ GDP from agriculture in India averaged 4239.66 INR billion from 2011 until 2020, reaching an all time high of 6098.83 INR billion in the fourth quarter of 2019 and a record low of 2690.74 INR billion in the third quarter of 2011)
ലോകത്തെ കാര്‍ഷികോല്പാദനത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. നമ്മുടെ പങ്ക് എട്ട് ശതമാനവുമാണ്. എന്നാല്‍ സേവനമേഖലയില്‍ പതിനൊന്നാമതും മാനുഫാക്ചറിംഗ് രംഗത്ത് പന്ത്രണ്ടാമതുമാണ് ഇന്ത്യ നില്‍ക്കുന്നതെന്നതും ഓര്‍ക്കേണ്ടതുണ്ട്. 481 ദശലക്ഷം വരുന്ന ഭാരതത്തിന്റെ മൊത്തം തൊഴിലാളികളില്‍ 54 ശതമാനവും സ്വകാര്യമേഖലയായ കൃഷിയിലാണ് വ്യാപരിക്കുന്നതെന്നതും എടുത്തുപറയേണ്ട കാര്യമാണ്. എന്നാല്‍ പലരും ഉയര്‍ത്തിക്കാട്ടുന്ന സേവന-നിര്‍മ്മാണ മേഖലയില്‍ ജോലിസാദ്ധ്യത വളരെ കുറവാണെന്നു കാണാം. ലോകത്ത് ഏകദേശം 200 രാഷ്ട്രങ്ങളുളളതില്‍ ചൈന, ഇന്ത്യ, അമേരിക്ക, ബ്രസീല്‍, നൈജീരിയ എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് ആഗോള കൃഷി ഉല്പാദനത്തിന്റെ 40 ശതമാനവും നിര്‍വ്വഹിക്കുന്നത്. ഇതില്‍ നാല് രാജ്യങ്ങളും വികസ്വര രാഷ്ട്രങ്ങളാണ്. 1960 കളില്‍ ഭക്ഷ്യസുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിച്ചിരുന്ന രാഷ്ട്രമാണ് നമ്മുടേത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയേക്കാള്‍ ഉയര്‍ന്ന കാര്‍ഷികോല്പാദനമാണ് നമ്മുടേത്.(According to the World Factbook of the CIA in 2014, the global agricultural output was $ 4,771 billion. But a full 42 percent of this output comes from just six countries – China ($ 1,005 billion) is the largest producer, followed by India ($ 367 billion). The US is third ($ 279 billion), followed by Brazil ($ 130 billion), Nigeria ($ 122 billion) and Indonesia ($ 121 billion). As one can see, five of the six global leaders in agricultural output are developing countries. In fact, China and India alone account for close to 30 percent of the global total.)
കൃഷിക്ക് അനിവാര്യമായ ഘടകങ്ങള്‍ വെളിച്ചവും ഭൂമിയും തൊഴിലാളികളും ജലവുമാണ്. ഇതെല്ലാം ധാരാളമുളളതാണ് നമ്മുടെ നേട്ടവും. എങ്കിലും ഇന്ത്യയില്‍ കൃഷിയിലെ വാര്‍ഷിക പിറകോട്ടടി ചൈന, അമേരിക്ക, ആസ്‌ട്രേലിയ എന്നിവയേക്കാള്‍ കൂടുതലാണ്. 1970 കളില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ കൃഷിയുടെ സാന്നിദ്ധ്യം 40 ശതമാനമായിരുന്നത് 2014 ല്‍ 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ മൂല്യം കണക്കാക്കുമ്പോള്‍ കാര്‍ഷികോല്പാദനം ഉയര്‍ന്നതായി കാണാം. ഹോര്‍ട്ടികള്‍ച്ചറും ലൈവ് സ്റ്റോക്കും ചേര്‍ന്ന മേഖലയിലാണ് ഇപ്പോള്‍ കൃഷിയുടെ ജി.ഡി.പിയില്‍ 60 ശതമാനം സംഭാവന ചെയ്യുന്നത്. വിളയില്‍ നിന്നുളള വരുമാനം കണക്കാക്കുന്നത് ഒരു ഏക്കറില്‍ അല്ലെങ്കില്‍ ഹെക്ടറില്‍ ഒരു വിളയുടെ ഉല്പാദനം കണക്കാക്കിയാണ്. ഏക വിള കൃഷിയിലേ ഇത് കൃത്യമായി പറയാന്‍ കഴിയുകയുളളൂ. എന്നാല്‍ ആകെ ഉല്പാദനത്തിന് ഡോ. പി.എം. റോസെറ്റേ നല്‍കിയിട്ടുളള നിര്‍വ്വചനപ്രകാരം ഒരു കൃഷിയിടത്തിലെ വ്യത്യസ്തമായ ഉല്പന്നങ്ങള്‍ - അതായത്; ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കാലിത്തീറ്റ, പാല്‍, മുട്ട, മീന്‍, ഇറച്ചി, വളം, തേന്‍, തടി എന്നിവയുടെ കണക്കെടുക്കേണ്ടതാണ്. കൃഷിയുടെ യഥാര്‍ത്ഥ കഴിവ് കണക്കാക്കാന്‍ ഇതുപകരിക്കുന്നു. ഏകവിള സമ്പ്രദായത്തില്‍ വിള അല്ലെങ്കില്‍ ലൈവ് സ്റ്റോക്ക് എന്നതാണ് രീതി. ഈ വൈവിദ്ധ്യമാണ് ഇന്ത്യന്‍ കൃഷിയുടെ ശക്തിയും. 
ബഹുവൈദഗ്ദ്ധ്യമുളള ഇന്ത്യന്‍ കര്‍ഷകന്റെ കൃഷിയിടം രണ്ട് ഹെക്ടറില്‍ താഴെയാകും. അതില്‍നിന്നും പരമാവധി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വയം വികസിപ്പിച്ച കൃഷി രീതിയാണ് കര്‍ഷകര്‍ പിന്‍തുടരേണ്ടത്. മിശ്രകൃഷിയാണ് ആധുനിക ഇന്ത്യന്‍ കൃഷി സമ്പ്രദായത്തിന്റെ പ്രത്യേകത. മിശ്രവിള, ഇരട്ടവിള, ലൈവ്‌സ്റ്റോക്ക് എന്നിവയുടെ ഈ കൂട്ടായ്മ നമ്മുടെ കൃഷിയെ ചലനാത്മകവും അപകടരഹിതവുമാക്കി നിലനിര്‍ത്തുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ഏറ്റവുമധികം പാലുല്പാദിപ്പിക്കുന്ന രാജ്യമായി മാറിയത്. 146 ദശലക്ഷം ടണ്‍ പാലാണ് നമ്മള്‍ ഉല്പാദിപ്പിക്കുന്നത്. ഇതില്‍ 90 ശതമാനവും ചെറുകിട കര്‍ഷകരുടെ സംഭാവനയാണ്. വൈക്കോലും പയറുവര്‍ഗ്ഗങ്ങളുടെ തോലും പഴം-പച്ചക്കറി വേസ്റ്റും കരിമ്പിന്റെ ഇലയും ഫാമുകളില്‍ വളര്‍ത്തുന്ന തീറ്റപ്പുല്ലുമാണ് ഇവയ്ക്ക് പ്രധാന തീറ്റയാകുന്നത്. ഇതുവഴി നിത്യവരുമാനവും കര്‍ഷകന് ലഭിക്കുന്നു. ഇതവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു. 
ലോകമൊട്ടാകെ ഭക്ഷണം മാംസകേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ മൃഗങ്ങള്‍ക്കുളള തീറ്റയുടെ ഉല്പാദനമാണ് ഭക്ഷ്യോല്പാദനത്തിനും മുന്നില്‍ നില്‍ക്കുന്നത്. 2528 ദശലക്ഷം ടണ്‍ ധാന്യം ഉല്പാദിപ്പിക്കുന്നതില്‍ 55 ശതമാനവും മൃഗങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. സമ്പന്നരാഷ്ട്രങ്ങളില്‍ ഇതിന്റെ അളവ് 70 ശതമാനമാണെന്നു കാണാം. ലോകത്ത് ഒരുവര്‍ഷം ഏകദേശ മാംസ ഉപയോഗം 43 കിലോയാണ്. അമേരിക്കയില്‍ ഇത് 100 കിലോ ആകുമ്പോള്‍ ഇന്ത്യയില്‍ വെറും നാലു കിലോ മാത്രമാണ്. ഇന്ത്യയില്‍ ഭൂരിപക്ഷവും സസ്യഭുക്കുകളോ, മിശ്രഭുക്കുകളോ ആണ്. അതിനാല്‍ ധാന്യം, പഴം, പച്ചക്കറി, പാല്‍ എന്നിവ കൂടുതല്‍ ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. മൃഗത്തീറ്റയ്ക്കായുളള ധാന്യോല്പാദനം ഇന്ത്യയില്‍ 15 ശതമാനം മാത്രമാണ്. ലോക ഭക്ഷ്യസംഘടനയുടെ റിപ്പോര്‍ട്ടിലും പഴം-പച്ചക്കറികള്‍ക്ക് പ്രധാനഭക്ഷണമെന്ന പരിഗണന നല്‍കാറില്ല. എന്നാല്‍ ഇന്ത്യയില്‍ നെല്ലും ഗോതമ്പും ഉല്പാദനം 198 ദശലക്ഷം ടണ്ണാണെന്നു കാണാം. അതായത് നമ്മുടെ കാര്‍ഷിക ജി.ഡി.പിയില്‍ പഴം-പച്ചക്കറികളുടെ ഓഹരി 26 ശതമാനമാണ് എന്നുകാണാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മുടെ ഭക്ഷ്യച്ചന്തയില്‍ 312 ബില്യണ്‍ ഡോളര്‍ കച്ചവടം നടക്കുമ്പോള്‍ അതിന്റെ മൂന്നിലൊന്നായ 101 ബില്യണ്‍ ഡോളറും പഴം-പച്ചക്കറിയുടേതാണ്. 74 ബില്യണ്‍ ഡോളര്‍ പാലും മുട്ടയും വെറും 61 ബില്യണ്‍ ഡോളര്‍ ധാന്യവുമാണ്. മാംസത്തിന്റെ ഓഹരി അതിലും താഴെ 14 ബില്യണ്‍ ഡോളര്‍ മാത്രം.
ഒരുപക്ഷേ, ലോകത്ത് ഒരു ഡസന്‍ പഴമോ മുട്ടയോ ഒരു ഡോളറിന് കിട്ടുന്ന ഏക രാജ്യമാകും ഇന്ത്യ. ലോക വ്യാപാര സംഘടനയുടെ 2015 ലെ കണക്ക് പ്രകാരം ഇന്ത്യാ വ്യാപാര കയറ്റുമതിയില്‍ പത്തൊന്‍പതാം സ്ഥാനത്താണ്. എന്നാല്‍ കാര്‍ഷിക കയറ്റുമതിയില്‍ ഒന്‍പതാമതാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. കാര്‍ഷികമേഖലയിലെ നമ്മുടെ മത്സരസ്വഭാവം ഇത് വ്യക്തമാക്കുന്നു. 1980 വരെ അരി ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയാണ് ഇപ്പോള്‍ ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്നത്. ലോക കമ്പോളത്തിലെ 26 ശതമാനം. യു.എസ്.ഡി.എയുടെ പഠനപ്രകാരം ഇപ്പോള്‍ ലോക കൃഷി കയറ്റുമതിയുടെ 2.35 ശതമാനം നിര്‍വ്വഹിക്കുന്ന ഇന്ത്യയ്ക്ക് അതിവേഗം 10 ശതമാനത്തിലെത്താന്‍ കഴിയും. അതിനാവശ്യമായ നയരൂപീകരണവും മാര്‍ക്കറ്റിംഗും ആവശ്യമാണെന്നു മാത്രം. കാര്‍ഷിക കയറ്റുമതിയില്‍ ചൈന വളരെ മുന്നിലാണെങ്കിലും അവരിപ്പോള്‍ ഇറക്കുമതി ഉയര്‍ന്ന രാഷ്ട്രമായി മാറിയിട്ടുണ്ട്. 73 ബില്യണ്‍ ഡോളര്‍ കയറ്റുമതി ചെയ്യുമ്പോള്‍  ഇറക്കുമതി 160 ബില്യണ്‍ ഡോളറാണ്. ലോകബാങ്ക് ഇങ്ങനെ പറയുന്നു, 'ഇന്ത്യയിലെ കാര്‍ഷികവിപ്ലവം ആ രാജ്യത്തെ ധാന്യ ഇറക്കുമതി രാഷ്ട്രം എന്ന നിലയില്‍നിന്നും ഭക്ഷ്യ കയറ്റുമതിയുടെ ആഗോള ശക്തികേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു'. നമ്മുടെ മിശ്ര കൃഷിരീതി ലോകത്തിനുതന്നെ ഒരു മാതൃകയായി തീര്‍ന്നിരിക്കുകയാണ്. കൃഷിരീതികളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാനും ഇത് ഉപകരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം കാണാതെയുളള അഭിപ്രായ രൂപീകരണവും കൊട്ടിഘോഷിക്കലുമാണ് ഇന്ത്യയില്‍ മേല്‍ക്കൈ നേടുന്നത് എന്നത് സ്‌പൈറല്‍ ഓഫ് സൈലന്‍സ് തിയറിയെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ശക്തമായ പിന്തുണ നല്‍കി നമ്മുടെ സാമ്പത്തികനിലയും ആഗോള പരിപ്രേഷ്യവും ഉയര്‍ത്താന്‍ കഴിയും എന്നതില്‍ സംശയമില്ല.
(തയ്യാറാക്കിയത്: എസ്. ഗണേശന്‍, അര്‍ച്ചന നായര്‍; യു.പി.എന്‍ ലിമിറ്റഡ്, മുംബൈ)
English Summary: Possibilities of agriculture

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds