1. സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. മൂന്നു മാസം മുൻപ് കിലോയ്ക്ക് 180 രൂപവരെയുണ്ടായിരുന്ന കോഴിയിറച്ചി 95 രൂപ വരെയെത്തിയതോടെ ആശങ്കയിലായി കോഴിക്കർഷകർ. ശനിയാഴ്ച 95 രൂപയും ഇന്നലെ 99 രൂപയുമായിരുന്നു കോഴിയിറച്ചിയുടെ വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതും പ്രാദേശിക ഉത്പാദനം കൂടിയതുമാണ് വില കുറയുവാൻ കാരണമെന്നും വരും ദിവസങ്ങളിൽ വില ഇനിയും കുറയാനാണു സാധ്യതയെന്നുമാണ് കച്ചവടക്കാർ പറയുന്നു.
2. നെല്ല് സംഭരണത്തിനായി സപ്ലൈകോയ്‌ക്ക് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് നല്കുന്നതിനായാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചത്. നെല്ല് സംഭരണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച 207 കോടി രൂപ കുടിശ്ശികയുള്ളപ്പോൾ ഈ സീസണിലെ നെല്ലുവില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ആഗസ്റ്റ് 14 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.
Share your comments