തൃശൂർ :വൈദ്യുതിയെത്തും; വേലൂട്ടിക്കും ശാരദയ്ക്കും ഇനി ധൈര്യമായി കൃഷിയിറക്കാo. എൺപത്തിയഞ്ചുകാരൻ വേലൂട്ടിക്കും ഭാര്യ ശാരദക്കും ഇനി ധൈര്യമായി കൃഷിയിറക്കാം. വെള്ളം ലഭിക്കാതെ വിള കരിയുമെന്ന ആശങ്കയുമില്ല. സൗജന്യ കാർഷിക വൈദ്യുതി ഇനി കെ എസ് ഇ ബി നോക്കും.
കാർഷിക വൈദ്യുതി കണക്ഷന് വേണ്ടിയുള്ള ശ്രമത്തിന് എട്ട് വർഷത്തെ പഴക്കമുണ്ട്. സ്വാന്തന സ്പർശം അദാലത്തിലൂടെ തങ്ങളുടെ കാർഷിക സ്വപ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ. കാർഷിക വൈദ്യുതി ഉപഭോക്താക്കൾ ആയിരുന്ന ഇവരുടെ കണക്ഷൻ നഷ്ടപെടുന്നത് എട്ട് വർഷങ്ങൾക്ക് മുൻപാണ്.
പി വി ശാരദയുടെ പേരിൽ 1993 മുതൽ ഉണ്ടായിരുന്ന കാർഷിക കണക്ഷന്റെ സർവീസ് വയർ അടുത്ത പോസ്റ്റിലേക്ക് മാറ്റുന്നതിനായി 400 രൂപ അടച്ചു അപേക്ഷിച്ചിരുന്നു. എന്നാൽ പോസ്റ്റിലേക്ക് മാറ്റുന്നതിനു പകരം കണക്ഷൻ വിച്ഛേദിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. അന്വേഷിച്ചപ്പോൾ 15000 രൂപ വീണ്ടും അടയ്ക്കണമെന്ന് പറഞ്ഞു.
തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയർ, വൈദ്യുതി ഭവൻ ഡെപ്യൂട്ടി എഞ്ചിനീയർ എന്നിവർ ക്കെതിരെ 2011ൽ തൃശൂർ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി ഉത്തരവ് പ്രകാരം 15000 രൂപ ഒഴിവാക്കികിട്ടുകയും രണ്ട്മാസത്തിനുള്ളിൽ കണക്ഷൻ നൽകാനും തീരുമാനമായി. എന്നാൽ തുടർന്നും കണക്ഷൻ ലഭിച്ചിരുന്നില്ല.
അതിനാലാണ് പ്രായാധിക്യ അവശതകളെ അവഗണിച്ചു കൊണ്ട് വേലൂട്ടി മന്ത്രിയെ കാണാൻ സ്വാന്ത്വന സ്പർശത്തിൽ എത്തിയത്. കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പരാതിയും കോടതി ഉത്തരവും പരിശോധിക്കുകയും അടിയന്തിര നടപടി എടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
55 സെന്റ് സ്ഥലത്ത് സ്വന്തമായി അധ്വാനിച്ച് കഴിയാനാണ് വേലൂട്ടിയുടെ ആഗ്രഹം. എന്നാൽ കറന്റ് ഇല്ലാത്തതിനാൽ വിളകൾ ഉണങ്ങി പോവുകയായിരുന്നു. അതുകൊണ്ട് തന്നെ വേനൽക്കാലത്തൊന്നും കൃഷി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിനൊരു അവസാനമുണ്ടായിരിക്കുകയാണ് ഇപ്പോൾ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :17-ാമത് 'കേരള ബാംബു ഫെസ്റ്റ്' 16 മുതൽ 20 വരെ
Share your comments