സ്ഥിരമായി നിക്ഷേപിക്കുന്ന ആർക്കും 20 വർഷത്തിനുള്ളിൽ ഒരു കോടിപതിയാകാൻ കഴിയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദീർഘകാലത്തേക്ക് ചിട്ടയായ നിക്ഷേപം നടത്തിയാൽ നിങ്ങൾക്കും കോടീശ്വരനാകാം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), നാഷണൽ പെൻഷൻ സ്കീം (NPS), ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ (MF) ഇവയിൽ ഏത് നിക്ഷേപമായിരിക്കും നിങ്ങളെ വേഗത്തിൽ കോടീശ്വരനാക്കുന്നത്.
പ്രൊവിഡൻറ് ഫണ്ട് (PPF)
നികുതി രഹിത വരുമാനം നൽകുന്നതിനാൽ പിപിഎഫ് ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപ ഉപകരണമാണ്. കൂടാതെ, പിപിഎഫിൽ നിങ്ങൾ ഓരോ വർഷവും നിക്ഷേപിക്കുന്ന തുക സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ പുതിയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 80 സി യുടെ ആനുകൂല്യങ്ങൾ ലഭ്യമല്ല.
ഒരു ബാങ്കിലോ ഒരു പോസ്റ്റോഫീസിലോ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. ആർഡികളിൽ നിന്ന് വ്യത്യസ്തമായി, ബാങ്കുകളിലും പോസ്റ്റോഫീസുകളിലും പിപിഎഫിന്റെ പലിശ നിരക്ക് തുല്യമാണ്. കാരണം ഓരോ പാദത്തിലും സർക്കാരാണ് പലിശ തീരുമാനിക്കുക.
പിപിഎഫിൽ നിന്നുള്ള വരുമാനം
എല്ലാ മാസത്തിൻറെയും തുടക്കത്തിൽ 10,000 രൂപ അല്ലെങ്കിൽ എല്ലാ വർഷത്തിൻറെയും തുടക്കത്തിൽ 1.2 ലക്ഷം രൂപ മുതൽമുടക്കി 26 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപ സമാഹരിക്കാം. 26 വർഷത്തിനുള്ളിൽ നിങ്ങൾ പിപിഎഫ് വഴി സ്വരൂപിക്കുന്ന 1.036 കോടി രൂപയിൽ 72% പലിശയാണ്. 26 വർഷത്തിനിടെ നിങ്ങൾ 31 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കുന്നത്.
എൻപിഎസ്
എൻപിഎസ് ഒരു റിട്ടയർമെന്റ് സേവിംഗ് നിക്ഷേപമായാണ് ജനപ്രീതി നേടിയിരിക്കുന്നത്. നേരത്തെ ഇത് സർക്കാർ ജീവനക്കാർക്കായി മാത്രം തുറന്നിരുന്നുവെങ്കിലും 2009 മുതൽ ഇത് എല്ലാവർക്കുമായി തുറന്നിട്ടുണ്ട്. നിങ്ങൾക്ക് ഓരോ മാസവും ഒരു തുക അല്ലെങ്കിൽ നിശ്ചിത തുക എൻപിഎസിൽ നിക്ഷേപിക്കാം. കഴിഞ്ഞ 10 വർഷത്തിനിടെ എൻപിഎസ് ഫണ്ടുകളുടെ ശരാശരി വരുമാനം 10% ന് മുകളിലാണ്. എല്ലാ മാസത്തിൻറെയും തുടക്കത്തിൽ എൻപിഎസിൽ 10,000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് 23 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമാഹരിക്കാം.
മ്യൂച്വൽ ഫണ്ട് വേഗത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച ഉപകരണമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കണക്കാക്കപ്പെടുന്നു. നിഫ്റ്റി അല്ലെങ്കിൽ സെൻസെക്സ് ട്രാക്കുചെയ്യുന്ന സൂചിക ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം.
ഈ ഫണ്ടുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം 12% സിഎജിആർ വാഗ്ദാനം ചെയ്യാൻ കഴിയും. 12% ദീർഘകാല സിഎജിആർ ആണെന്ന് കരുതുക, 20 വർഷത്തിനുള്ളിൽ ഓരോ മാസത്തിൻറെയും തുടക്കത്തിൽ 10,000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് ഒരു കോടി രൂപ സമാഹരിക്കാം.
നിങ്ങൾ സിപ് ടോപ്പ്-അപ്പ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ നേടാൻ കഴിയും. നിങ്ങളുടെ പ്രതിമാസ എസ്‌ഐപി 10,000 രൂപ 10% വർദ്ധിപ്പിക്കുകയാണെങ്കിൽ, 16 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ നിങ്ങൾക്ക് കഴിയും.
Share your comments