<
  1. News

കൃഷി ലാഭകരമാക്കാന്‍ കൃത്യതാ കൃഷി; നൂറുമേനി കൊയ്ത് ആദരവ് നേടി ജോസ്

തൊടുപുഴ ഇടവെട്ടിയിലെ കളമ്പുകാട്ട് എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ജോസ് കെ ജോസഫ് എന്ന യുവകര്‍ഷകനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാല്‍ അദ്ദേഹത്തെ ഈ പ്രശസ്തിക്ക് അര്‍ഹനാക്കിയ കൃത്യതാ കൃഷി രീതിയെക്കുറിച്ച് അധികം പേരും കേട്ടിട്ടുണ്ടാകില്ല. കുറഞ്ഞ ചെലവില്‍ നൂറുമേനി വിളവ് കൊയ്ത് കൃഷി വിജയകരമാക്കാന്‍ ഈ രീതി സഹായിക്കുമെന്നാണ് കര്‍ഷകനായ ജോസിന്റെ അനുഭവം തെളിയിക്കുന്നത്.

Meera Sandeep
കൃഷി ലാഭകരമാക്കാന്‍ കൃത്യതാ കൃഷി; നൂറുമേനി കൊയ്ത് ആദരവ് നേടി ജോസ്
കൃഷി ലാഭകരമാക്കാന്‍ കൃത്യതാ കൃഷി; നൂറുമേനി കൊയ്ത് ആദരവ് നേടി ജോസ്

ഇടുക്കി: തൊടുപുഴ ഇടവെട്ടിയിലെ കളമ്പുകാട്ട് എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ജോസ് കെ ജോസഫ് എന്ന യുവകര്‍ഷകനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാല്‍ അദ്ദേഹത്തെ ഈ പ്രശസ്തിക്ക് അര്‍ഹനാക്കിയ കൃത്യതാ കൃഷി രീതിയെക്കുറിച്ച് അധികം പേരും കേട്ടിട്ടുണ്ടാകില്ല. കുറഞ്ഞ ചെലവില്‍ നൂറുമേനി വിളവ് കൊയ്ത് കൃഷി വിജയകരമാക്കാന്‍ ഈ രീതി സഹായിക്കുമെന്നാണ് കര്‍ഷകനായ ജോസിന്റെ അനുഭവം തെളിയിക്കുന്നത്.

റീ പ്ലാന്റിങ്ങിനായി റബര്‍ വെട്ടി മാറ്റിയ ഒരേക്കര്‍ സ്ഥലത്ത് കൃത്യതാ കൃഷിരീതിയിലൂടെ പയര്‍, വെള്ളരി, തണ്ണിമത്തന്‍ തുടങ്ങിയവ കൃഷി ചെയ്ത് മികച്ച വിളവ് കൊയ്താണ് അദ്ദേഹം രാജ്യത്തിന്റെ തന്നെ ആദരവ് നേടിയത്. സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് കര്‍ഷകരില്‍ ഒരാളാണ് ജോസ്. ആഗസ്റ്റ് 15 ന് ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജോസ് പങ്കെടുക്കാനെത്തുമ്പോള്‍ കേരളത്തിന്റെയും കൃഷിവകുപ്പിന്റെയും യശസ്സാണ് ഉയരുന്നത്.

കൃഷിയുടെ അടിസ്ഥാനഘടകങ്ങളായ മണ്ണ്, ജലം, വിത്ത്, വളം എന്നിവ കൃത്യസമയത്ത് കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ പരിസ്ഥിതി സൗഹൃദമായി കൃഷി ചെയ്യാനും പരമാവധി ലാഭം ഉറപ്പുവരുത്തുവാനും സാധിക്കൂ. ഇതിനായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുന്നോട്ട് വെക്കുന്ന പദ്ധതിയാണ് കൃത്യതാ കൃഷി. രാഷ്ട്രീയ കൃഷി വികാസ് യോജന സ്‌കീമില്‍ ഉള്‍പ്പെടുത്തി ഈ രീതിയില്‍ കൃഷി ചെയ്യുന്നതിന് ഹെക്റ്ററിന് പച്ചക്കറി കൃഷിക്ക് 91000 രൂപയും വാഴകൃഷിക്ക് 96000 രൂപയും കൃഷി വകുപ്പ് ധനസഹായമായി നല്‍കുന്നുണ്ട്. പച്ചക്കറി കൃഷിയില്‍ 12 കര്‍ഷകരും വാഴകൃഷിയില്‍ 5 പേരും നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കൃത്യതാ കൃഷി ചെയ്തു വരുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: 'ആകാശ വെള്ളരി' (Giant granadilla), കൂടുതൽ അറിയാം

*സവിശേഷം ഈ കൃഷി രീതി*

കൃത്യമായ സ്ഥലത്തും സമയത്തും കൃത്യമായ അളവില്‍ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകള്‍ കൃഷി ചെയ്യുന്ന രീതിയാണ് കൃത്യതാ കൃഷി. സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിയിടത്തിന്റെ പ്രദേശികവും കാലികവുമായ വ്യതിയാനങ്ങള്‍ മനസ്സിലാക്കി അവയെ സമന്വയിപ്പിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യുന്ന രീതിയാണിത്. മുഴുവന്‍ കൃഷിയിടത്തെയും ഒറ്റ കൃഷിത്തടമായി കണക്കാക്കാതെ, സാങ്കേതികമായും സാമ്പത്തികമായും ഓരോ കൃഷിത്തടത്തെയും ചെറിയ ചെറിയ ഭാഗങ്ങളാക്കി വിഭജിച്ച് പ്രത്യേകം പരിപാലിക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഇതാണ് കൃത്യതാ കൃഷിയുടെ നേട്ടവും പരമ്പരാഗത കൃഷിയില്‍ നിന്നും ഈ രീതിയെ വ്യത്യസ്ഥമാക്കുന്നതും.

ജലത്തിന്റെയും പോഷകഘടകങ്ങളുടെയും കൃത്യമായ ഉപയോഗം, സസ്യപരിപാലന വസ്തുക്കളുടെ കുറഞ്ഞ ഉപയോഗം, വിത്തുകളുടെ മിതമായ ഉപയോഗം, യന്ത്രങ്ങളുടെ നിശ്ചിത ഉപയോഗം, ഗുണമേന്മയുള്ള ഉത്പാദനം, ഊര്‍ജ്ജ സംരക്ഷണം, കൃഷിഭൂമി പരിപാലനം എന്നിവയാണ് ഈ കൃഷി രീതിയുടെ സാമ്പത്തിക, പാരിസ്ഥിതിക പ്രയോജനങ്ങള്‍. ഡ്രിപ്പ് സംവിധാനത്തിലൂടെയുള്ള സൂക്ഷ്മ ജലസേചനം, ഇതേ സംവിധാനത്തിലൂടെ തന്നെയുള്ള വളപ്രയോഗം, മണ്ണിന്റെ ഘടനയ്ക്കും വിളകളുടെ ആവശ്യങ്ങള്‍ക്കും യോജിച്ച രീതിയിലുള്ള വളസേചനം, പ്ലാസ്റ്റിക് പുതയല്‍, വിള ക്രമീകരണം, സംയോജിത കീടരോഗ നിയന്ത്രണം എന്നിവയാണ് കൃത്യതാ കൃഷി രീതിയിലെ പ്രധാനഘടകങ്ങള്‍.

കേരളത്തില്‍ കുറഞ്ഞു വരുന്ന കൃഷി ഭൂമി, ഭക്ഷ്യ ഉല്‍പാദനത്തിലെ കുറവ്, ജലത്തിന്റെ ലഭ്യതയിലും ഗുണമേന്മയിലുമുള്ള ആശങ്കകള്‍, വര്‍ദ്ധിച്ചു വരുന്ന തൊഴിലാളിക്ഷാമവും വേതന നിരക്കും, കാലാവസ്ഥയിലുള്ള അസ്ഥിരത, ഉയര്‍ന്ന ജീവിത നിലവാരം കൊണ്ടുണ്ടാകുന്ന ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ ഇവയെല്ലാം കേരളത്തില്‍ ഈ കൃഷി രീതിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. കൃത്യതാ കൃഷി രീതി പോലെ വിവിധങ്ങളായ നൂതന കൃഷിരീതികളും കൃഷിവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇവയെക്കുറിച്ച് അറിയാനും പങ്കാളികളാകാനും തൊട്ടടുത്ത കൃഷി ഭവനുമായി ബന്ധപ്പെടാം. ഹൈടെക് കൃഷി രീതികള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വലിയ പുരോഗതി സൃഷ്ടിക്കാന്‍ സാധിക്കുമെന്നത് ഉറപ്പാണ്.

English Summary: Precision farming to make farming profitable; Jose won the respect by reaping hundreds

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds