1. രാജ്യത്ത് എൽപിജി സിലിണ്ടർ വില (LPG Cylinder Price) കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് (Commercial Cylinder) 1.50 രൂപ മുതൽ 4.50 രൂപ വരെയാണ് കുറച്ചത്. പുതിയ നിരക്കുകൾ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിലയനുസരിച്ച്, ഡൽഹിയിൽ 1,755.50 രൂപ, മുംബൈയില്‍ 1708.50 രൂപ, ചെന്നൈയില്‍ 1924.50 രൂപ, കൊല്‍ക്കത്തയില്‍ 1868.50 രൂപ എന്നിങ്ങനെയാണ് വാണിജ്യ സിലിണ്ടറിന്റെ വില. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 2023 ഓഗസ്റ്റ് 30നാണ് ഗാർഹിക സിലിണ്ടറുകളുടെ വില അവസാനമായി 200 രൂപ കുറച്ചത്.
കൂടുതൽ വാർത്തകൾ: പിഎം കിസാൻ; അനർഹർക്ക് പണി കിട്ടും; റവന്യൂ റിക്കവറി വരുന്നു!
2. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തു. കുട്ടിക്കർഷകരായ ജോർജിന്റെയും, മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. 5 പശുക്കളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ട് മണിയ്ക്കാണ് പശുക്കൾക്ക് തീറ്റ കൊടുക്കുന്നത്. ശേഷം പശുക്കൾ തളർന്നുവീഴുകയായിരുന്നു. കപ്പത്തൊലി കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനായി വെറ്റിനറി ഡോക്ടർമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള അവാർഡ് 2021ൽ മാത്യുവിന് ലഭിച്ചിരുന്നു, കൂടാതെ നിരവധി പുരസ്കാരങ്ങളും ഫാമിനെ തേടിയെത്തിയിട്ടുണ്ട്.
3. പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് വയനാട്ടിൽ തിരിതെളിഞ്ഞു. അമ്പലവയൽ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ കാർഷിക വൃത്തിയിലെ ഊന്നൽ നെൽകൃഷി മാത്രമായി ചുരുങ്ങാതെ പുഷ്പകൃഷിയും വലിയ പദ്ധതിയായി ഏറ്റെടുക്കാൻ കഴിയണമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. ജനുവരി 15 വരെയാണ് മേള നടക്കുക. മേളയിൽ വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, തായ്ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള വിവിധ അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവയും, 200-ല്‍പ്പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
4. കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. കൃഷിഭവന് കീഴില്‍ ഉത്പാദിപ്പിച്ച ആയിരം ഡബ്ല്യൂസിടി തെങ്ങിന്‍ തൈകളാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 130 രൂപ നിരക്കിലാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്.
Share your comments