1. വളക്കടകളെ പ്രധാൻമന്ത്രി കൃഷി സമൃദ്ധി കേന്ദ്രങ്ങളാക്കാൻ തീരുമാനം. ഇന്റർനെറ്റ് സൗകര്യങ്ങളോടെ പൊതുസേവന കേന്ദ്രം, സ്മാർട് ടിവി, മണ്ണ് പരിശോധന സൗകര്യം എന്നിവ ഏർപ്പെടുത്തി രാജ്യത്തൊട്ടാകെ 3 ലക്ഷത്തിലധികം വൺ സ്റ്റോപ്പ് ഷോപ്പുകൾ സജ്ജമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒക്ടോബർ രണ്ടിനകം 864 ജില്ലാതല കേന്ദ്രങ്ങൾ പൂർത്തിയാക്കും. വില്ലേജ്, ബ്ലോക്ക്, ജില്ലാ തലങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. കീടനാശിനികളും വളവും കൂടാതെ കർഷകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര രാസവള മന്ത്രാലയവും രാസവള നിർമാതാക്കളും ചേർന്നാണ് കേന്ദ്രങ്ങൾ സജ്ജീകരിക്കുക. കേരളത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇഫ്കോയും പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡും വൺ സ്റ്റോപ്പ് ഷോപ്പുകളാക്കി മാറ്റും.
ബന്ധപ്പെട്ട വാർത്തകൾ: യുവതലമുറയ്ക്ക് ആശ്വാസമായി തൊഴിൽസഭകൾ വരുന്നു...കൂടുതൽ കാർഷിക വാർത്തകൾ അറിയാം
2. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കൃഷി ചെയ്യാത്തവരെയും സാരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ തിരുവനന്തപുരം ആര്യനാട് സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുകയാണെന്നും കൃഷി പോലെ തന്നെ അരിയാഹാരം കഴിക്കുന്നവരുടെ എണ്ണവും കേരളത്തിൽ കുറഞ്ഞതായി മന്ത്രി കൂട്ടിച്ചേർത്തു.
3. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ആനപ്പിള്ളി പാടശേഖരത്തിൽ നെൽകൃഷിയ്ക്ക് തുടക്കം. ആലങ്ങാട് കാർഷിക കർമ സേനയാണ് കൃഷി ചെയ്യുന്നത്. ഞാറുനടീൽ ഉത്സവം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് നിർവഹിച്ചു. കേരളത്തിന്റെ പ്രധാന വ്യവസായ കേന്ദ്രമായ കളമശ്ശേരിയെ കാർഷിക മേഖലയായി ഉയർത്താനുള്ള പദ്ധതിയാണ് 'കൃഷിക്കൊപ്പം കളമശ്ശേരി'.
4. കിടങ്ങൂരിൽ വിദ്യാർഥികൾ ആരംഭിച്ച പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 250 കിലോ പടവലവും 300 കിലോ പാവലും ലഭിച്ചു. കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും, കൂടല്ലൂർ സെന്റ് ജോസഫ് യു.പി സ്‌കൂളിലെയും 30 വിദ്യാർഥികൾ ചേർന്നാണ് കൃഷി ആരംഭിച്ചത്.
5. പൊക്കാളി കൃഷിയിറക്കി മാതൃകയായി മാറിയിരിക്കുകയാണ് കുഴുപ്പിളളി കൃഷി ഭവന്‍. വൈപ്പിന്‍കരയിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ കുഴുപ്പിള്ളിയില്‍ 53 ഹെക്ടറിലാണ് ഇത്തവണ കൃഷി ഇറക്കിയത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. കരനെല്‍ കൃഷി, വിവിധ സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി, കാര്‍ഷിക യന്ത്രങ്ങളുടെ പരിശീലനം എന്നിവയും കൃഷി ഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. കുഴുപ്പിളളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 150 ഗ്രോ ബാഗുകളിലായി പച്ചക്കറി കൃഷിയും പൂക്കൃഷിയും ചെയ്യുന്നുണ്ട്.
6. കോട്ടയത്ത് കാർഷിക ഡ്രോണുകളുടെ പ്രദർശന - പ്രവർത്തിപരിചയ പരിപാടി സംഘടിപ്പിച്ചു. കാർഷിക വികസന - കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമരകത്ത് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'സ്മാം'പദ്ധതി വഴി സബ്‌സിഡി നിരക്കിൽ കർഷകർക്ക് ഡ്രോണുകൾ വാങ്ങാം.
7. കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിര്‍മാണ രീതികള്‍ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിന് ഇന്ന് സമാപനം. പാലക്കാട് ഐ.ഐ.ടിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന രൂപകൽപനകളും പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾക്കായുള്ള നിർമാണ രീതികളും പരിപാടിയിൽ ചർച്ചാവിഷയമായി.
8. ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി ആരംഭിച്ച നിറ്റാ ജലാറ്റിൻ കാർഷിക വികസന പദ്ധതി വിജയം. പദ്ധതിയുടെ ഭാഗമായി കാടുകുറ്റി പഞ്ചായത്തിൽ നിന്നും ആദ്യ ദിവസം വിതരണം ചെയ്തത് 2,500ഓളം ഗ്രോ ബാഗുകൾ. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, കർഷകൻ അയ്യപ്പന് ഗ്രോബാഗ് നൽകി വിതരണം ഉദ്ഘാടനം ചെയ്തു.
9. കാസർകോട് ജില്ലയിൽ ഓണത്തിന് സംഭരിച്ചത് 29.7 മെട്രിക് ടൺ നാടൻ പഴവും പച്ചക്കറികളും. കുറഞ്ഞവിലയിൽ പൊതുജനങ്ങൾക്ക് കാർഷികോൽപന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് ഓണ ചന്തകൾ സംഘടിപ്പിച്ചത്. 15.54 ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് കർഷകരിൽ നിന്നും ചന്തകളിലേക്ക് സംഭരിച്ചത്. 3.7 മെട്രിക് ടൺ ഉൽപന്നങ്ങൾ ഹോർട്ടി കോർപ്പ് വഴി സംഭരിച്ചു. 11.32 ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് ജില്ലയിൽ ആകെ വിറ്റഴിച്ചത്. നാല് ദിവസങ്ങളിലായി 57 ചന്തകൾ വഴിയാണ് വിപണനം നടന്നത്.
10. ഐഡിഎഫ് കമ്മ്യൂണിക്കേഷൻ മാനേജർ സബാസ്റ്റ്യൻ ഡേറ്റ്‌സും പിഎഡിഎഫ് മാസ്റ്റർ ന്യൂട്രീഷനിസ്റ്റ് റാഫേൽ കോർണസും കൃഷി ജാഗരൺ ഡൽഹി ആസ്ഥാനം സന്ദർശിച്ചു. പകർച്ചവ്യാധികളിൽ നിന്നും ഇന്ത്യയിലെ ക്ഷീരമേഖല തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി സബാസ്റ്റ്യൻ ഡേറ്റ്‌സ് പറഞ്ഞു. രാജ്യത്തെ ക്ഷീരവ്യവസായം ആഗോളതലത്തിലേക്ക് മുന്നേറുകയും, അത് ഇന്ത്യയുടെ കാർഷിക വ്യവസായത്തിന് വളരെയധികം പ്രജോദനം ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ അനുഭവങ്ങളും ഇരുവരും പങ്കുവച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കിന്റെയും ഡയറക്ടർ ഷൈനി ഡൊമിനിക്കിന്റെയും സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.
11. കേരളത്തില്‍ ഈ മാസം 18 മുതല്‍ 20 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നല്‍ സമയത്ത് തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. ജനലും വാതിലും അടച്ചിടുകയും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്യണം.
Share your comments