കോഴിക്കോട്: കടലോര മേഖലയിൽ താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ തീര സദസ്സുകളിലൂടെ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തീര സദസ്സുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ മെയ് 14 മുതൽ മെയ് 20 വരെയാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. നാലു മണിക്കൂറാണ് തീര സദസ്സിന്റെ സമയം. ആദ്യത്തെ ഒന്നര മണിക്കൂർ ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേരും. പ്രാദേശികമായ വിഷയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വികസന സാധ്യതകൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് തീര സദസ്സ് നടക്കുമെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്.
മെയ് 14 ന് വൈകുന്നേരം 4.30 മുതൽ ബേപ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ, മെയ് 15 ന് രാവിലെ 11 മണി മുതൽ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം വൈകുന്നേരം 4.30 മുതൽ പയ്യാനക്കൽ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ തീരെ സദസ്സ് നടക്കും. മെയ് 16 ന് രാവിലെ 11 മണി മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ, മെയ് 17 ന് രാവിലെ 11 മണി മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (ബോയ്സ് ഹൈസ്ക്കൂൾ), മെയ് 20 ന് രാവിലെ 11 മണി മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.
തീര സദസ്സുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ്, എം എൽ എമാരായ കാനത്തിൽ ജമീല, കെ.കെ രമ, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട്, വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവികുട്ടി, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എ ലബീബ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments