കണ്ണൂർ: സര്‍വതല സ്പര്‍ശിയായിവേണം പദ്ധതികള്‍ ആവിഷ്‌കരിക്കരിക്കാനെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. പദ്ധതികള്‍ യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ കഴിയും വിധം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കലക്ടര്‍. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അതിന്റെ പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാനും പരിഹരിക്കാനും കഴിയണം. പദ്ധതികളുടെ വിശദാംശങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നത് ഭാവിയില്‍ ഉപകാരപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: എം.പി ഫണ്ട് പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: തോമസ് ചാഴികാടൻ എം.പി
14ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ പൊതുകാഴ്ചപ്പാടിനെയും ജില്ലാ ആസൂത്രണ സമിതി മുന്നോട്ട് വെച്ച ജില്ലയുടെ മുന്‍ഗണനകളില്‍ ഉള്‍പ്പെട്ട പദ്ധതികളെയും അടിസ്ഥാനപ്പെടുത്തിയാകും ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുക. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി പദ്ധതികളില്‍ എന്തൊക്കെ മാറ്റം വരുത്താന്‍ കഴിയുമെന്നും നൂതനമായത് എന്തൊക്കെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നും യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡണ്ട് ടി ഗംഗാധരന്‍ മാസ്റ്റര്‍ പദ്ധതിയിലേക്കുള്ള വികസന കാഴ്ചപ്പാടും നയസമീപനവും വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ്ബാബു, അഡ്വ. കെ കെ രത്നാകുമാരി, അഡ്വ. ടി സരള, അംഗം തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ടൈനി സൂസണ്‍ ജോണ്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി എം ജാന്‍സി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments