ഒരു കര്‍ഷകന്റെ മകനായി ജനിച്ചതില്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. കാസര്‍കോട് സി.പി.സി.ആര്‍.ഐ യില്‍ സംഘടിപ്പിച്ച ഇന്നവേറ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ കാവേരിയുടെ തീരത്തുള്ള കര്‍ഷക ഗ്രാമത്തിലാണ് ജനിച്ചത്. റിട്ടയര്‍മെന്റിന് ശേഷം വന്‍കിട കമ്പനികളുടെ ഉയര്‍ന്ന വാഗ്ദാനങ്ങള്‍ തള്ളിയാണ് നാട്ടിലെത്തി ക്യഷിയാരംഭിച്ചത്. വിരമിച്ച ചീഫ് ജസ്റ്റിസുമാരൊക്കെ ഡല്‍ഹിയില്‍ താമസിക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ കൃഷിയോടുള്ള താല്‍പര്യം കൊണ്ടാണ് തമിഴ്‌നാട്ടില്‍ തന്നെ താമസമാക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ പദവിക്ക് പരിഗണിച്ചപ്പോള്‍ കേരളത്തോടുള്ള സ്‌നേഹം കൊണ്ടാണ് കേരളം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പന്നത്തിന്റെ സിംഹഭാഗവും കാര്‍ഷികമേഖലയില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് ജി.ഡി.പി യിലേക്കുള്ള കാര്‍ഷികമേഖലയുടെ സംഭാവന കുറവാണ്. കേരളത്തില്‍ നാളികേരം കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വ്യാപ്തി കുറഞ്ഞെങ്കിലും ഉദ്പാദനക്ഷമത കൂടിയിട്ടുണ്ട്. കാര്‍ഷികമേഖലയിലെ ആഗോളമത്സരം നേരിടാന്‍ ഇന്ത്യയിലെ കര്‍ഷകരെ സജ്ജരാക്കേണ്ടതുണ്ട്. ഇതിനായി നൂതന ആശയങ്ങളും സാങ്കേതികവിദ്യകളുടെ ഉപയോഗവും പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. കൂടാതെ കാര്‍ഷികോല്‍പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുകയും കൂടുതല്‍ വിപണി കണ്ടെത്തകയും വേണം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും ആവശ്യമായ വിപണി കണ്ടെത്താന്‍ കഴിയാത്തതുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കാനായി സി.പി.സി.ആര്‍.ഐ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ട് അപ് മിഷനും സി.പി.സി.ആര്‍.ഐ യുമായുള്ള ധാരണാപത്രം ഗവര്‍ണര്‍ കൈമാറി. ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
Share your comments