തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന പാല്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഉല്‍സവ സീസണുകളില്‍ മാത്രമല്ലാതെ കൃത്യമായ ഇടവേളകളില്‍ പരിശോധന കര്‍ക്കശമാക്കുവാന്‍ ഭക്ഷ്യോപദേശക സമിതിയോഗം തീരുമാനിച്ചു. മണ്ഡലകാലം പോലുള്ള ഉല്‍സവ സീസണുകളില്‍ ഹോട്ടലുകളിലും തട്ടുകടകളിലും വഴിയോരക്കടകളിലും പോലീസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, സിവില്‍ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തുവാനും യോഗം തീരുമാനിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളവും മറ്റ് പാനീയങ്ങളും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കടകളില്‍ തൂക്കിയിട്ട് കച്ചവടം നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.
മല്‍സ്യ മാംസ വില്‍പ്പനകേന്ദ്രങ്ങളില്‍ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി വേണ്ട നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് വകുപ്പിനും തുടര്‍പരിശോധനകള്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പിനും സമിതി നിര്‍ദ്ദേശം നല്‍കി. മല്‍സ്യമാംസ പഴ പച്ചക്കറികളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിനായി ഒരു മൊബൈല്‍ ലബോറട്ടറി ജില്ലക്ക് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിക്കും. ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തില്‍ ഫയല്‍ ചെയ്യുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം പ്രസിഡന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു.
Share your comments