1. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുമെന്നും വിഷബാധമൂലം ഇനിയൊരു പശുപോലും അപായപ്പെടില്ലെന്നും ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ഇടുക്കിയിലെ പടമുഖത്ത് ആരംഭിച്ച ആദ്യ കിടാരി പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരവികസന വകുപ്പ് പദ്ധതികളുടെ ഗുണഭോക്താക്കൾക്കും മറ്റ് ക്ഷീര കർഷകർക്കും നല്ലയിനം പശുക്കളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾ: PM Kisan; നടപടികൾ പൂർത്തിയായി, അടുത്ത ഗഡു ഉടൻ
2. കേരളത്തിൽ ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും. 2023-24 വർഷത്തേക്ക് 40 പൈസയാണ് വർധിപ്പിക്കുക. ഇതുസംബന്ധിച്ച് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷന് മുന്നിൽ അപേക്ഷ സമർപ്പിച്ചു. അടുത്ത നാല് വർഷത്തേക്കുള്ള നിരക്കുകളും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്മിഷന്റെ ഹിയറങ്ങിന് ശേഷമാണ് തീരുമാനം എടുക്കുന്നത്.
വൈദ്യുതി നിരക്ക് കൂട്ടുന്നത് വഴി 1044.43 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 26നാണ് യൂണിറ്റിന് 25 പൈസ കൂട്ടിയത്. അതുവഴി 1010.94 കോടിയുടെ അധിക വരുമാനവും 760 കോടിയിലേറെ ലാഭവും നേടി. ഈ സാമ്പത്തിക വർഷം വൈദ്യുത ബോർഡിന് 2939 കോടി റവന്യു കമ്മി ഉണ്ടാകുമെന്ന് കമ്മിഷൻ അംഗീകരിച്ചു. അതിനാൽ താരിഫ് വർധനയ്ക്ക് സാധ്യത കൂടുതലാണ്.
3. തിരുവനന്തപുരം ജില്ലയിൽ ഭക്ഷ്യസുരക്ഷ വെബിനാർ സംഘടിപ്പിക്കുന്നു. ഭക്ഷ്യമേഖലയിൽ സംരംഭം നടത്തുന്നവർക്കും നടത്താൻ താൽപര്യമുള്ളവർക്കും വെബ്ബിനാറിൽ പങ്കെടുക്കാം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി എന്ന വിഷയത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും നിയമവശങ്ങളും ആസ്പദമാക്കിയുള്ള വെബിനാർ ഈ മാസം 25ന് രാവിലെ 11 മുതൽ 12 വരെയാണ് നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 2550322.
4. തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടവൂർ ഗ്രാമപഞ്ചായത്ത്. വിവരണശേഖരണ പ്രവർത്തനങ്ങൾ നടത്തിയ എന്യൂമറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിതരണം ചെയ്തു. രാജ്യവ്യാപകമായി നടത്തുന്ന കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിനാണ്. വാർഡുകളിലെ മുഴുവൻ വീടുകളും സന്ദർശിച്ച് ഭൂമി കൈവശക്കാരുടെ പട്ടിക തയാറാക്കുന്നതാണ് ഒന്നാം ഘട്ടം. ഭൂമിയുടെ വിസ്തൃതി, ഉടമസ്ഥാവകാശം, കൃഷി ഇനം, സാമൂഹ്യ വിഭാഗം, ലിംഗം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കലാണ് മടവൂർ ഗ്രാമപഞ്ചായത്ത് വിജയകരമായി പൂർത്തിയാക്കിയത്.
5. കുട്ടനാടിനെ കേരളത്തിന്റെ നെല്ലറയും ടൂറിസം ഹബ്ബും ആക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കുട്ടനാട് നിയോജക മണ്ഡലത്തിലെ റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്കായി ഈ വര്‍ഷം 135 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും കുട്ടനാടിന്റെ കുടിവെള്ള പ്രശ്നത്തിന് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
6. ഇറച്ചിക്കോഴിയുടെ വില നിർണയാവകാശം കർഷകർക്ക് തന്നെ നൽകണമെന്ന ആവശ്യവുമായി കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ. വിപണി നിയന്ത്രണം ഇതര സംസ്ഥാനങ്ങളിലെ വ്യവസായികൾക്ക് നൽകരുതെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മൃഗ സംരക്ഷണ വകുപ്പിനും അപേക്ഷ നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.
7. രാജ്യത്തെ തേയില കയറ്റുമതിയിൽ വൻകുതിപ്പ്. 2022 ജനുവരി മുതൽ നവംബർ വരെ കയറ്റുമതിയിൽ 18 ശതമാനം മുന്നേറ്റമുണ്ടായതായി ടീ ബോർഡ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 200 ദശലക്ഷം കിലോ തേയിലയാണ് ഇക്കാലയളവിൽ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. തേയിലയുടെ ലേല വില കിലോയ്ക്ക് 7 രൂപ വരെ വർധിച്ചു. കുറഞ്ഞ വില, ഉയർന്ന ഉൽപാദന ചെലവ് എന്നിവ തേയില വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ വിപണിയിലെ പുത്തനുണർവ് കർഷകർക്കും വ്യവസായികൾക്കും വലിയ ആശ്വാസമാണ്.
8. ഉത്കൽ കൃഷി മേള 2023ന് ഒഡിഷയിൽ തുടക്കം. സെഞ്ചൂറിയൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റുമായി സഹകരിച്ച് കൃഷി ജാഗരൺ ആണ് മേളയുടെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങളും, അത്യാധുനിക സാങ്കേതികവിദ്യകളും, ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനുള്ള മികച്ച അവസരമാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള ഒരുക്കുന്നത്.
9. യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു. കണ്ടെയ്നർ ലഭ്യത വർധിച്ചതും, ഇറക്കുമതി ചെലവ് കുറഞ്ഞതുമാണ് വിലയിടിവിന് കാരണം. പാചക എണ്ണ, അരി, കോഴിയിറച്ചി എന്നിവയ്ക്ക് മൊത്ത വിലയിൽ ശരാശരി 15 മുതൽ 20 ദർഹത്തിന്റെ കുറവുണ്ടായി. വരും ദിവസങ്ങളിൽ എല്ലാ മേഖലകളിലും വിലക്കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
10. പകൽച്ചൂടിൽ കേരളം ഉരുകുന്നു. രാത്രി മുതൽ പുലർച്ചെ വരെ കോച്ചുന്ന തണുപ്പും പകൽ സമയങ്ങളിൽ കഠിനമായ ചൂടുമാണ് അനുഭവപ്പെടുന്നത്. പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് തുടർച്ചയായി രേഖപ്പെടുത്തുന്നത്. പാലക്കാട് എരുമയൂരിൽ 40.6 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനം മനുഷ്യരെ പോലെ പക്ഷി-മൃഗാധികളെയും സാരമായി ബാധിക്കാറുണ്ട്. കൂടാതെ താപനില കൂടുമ്പോൾ അഗ്നിബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
Share your comments