ചൂടിന് ആശ്വാസമായി പല സ്ഥലങ്ങളിലും വേനൽമഴ ലഭിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൂടിന് നേരിയ ശമനം നൽകി വിവിധ ജില്ലകളിൽ മഴ എത്തിയെങ്കിലും വരും ദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പാണ് പുതിയതായി പുറത്തുവരുന്നത്.
മാർച്ച് 31വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 29 മുതൽ 31വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച ശക്തമായ മഴയാണ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. ഇത്രയും ശക്തമായ മഴ ഈ മാസം ആദ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഴ ലഭിച്ചിരുന്നു. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും രൂക്ഷമായിരുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാഴാഴ്ച മഴ ലഭിച്ചു. ശക്തമായ മഴയാണ് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. ഇടിമിന്നലും ശക്തമായ കാറ്റും പലയിടത്തും അനുഭവപ്പെട്ടതോടെ വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്തു. രാത്രി ഒൻപത് മണിക്ക് ശേഷമാണ് പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
Share your comments