1. സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇന്നും മഴ തുടരും. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ജില്ലകളുടെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
2. ക്ഷീരവികസന വകുപ്പിന്റെ Milk Shed Development Programme (MSDP) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകള്‍ ക്ഷണിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവിനായി ക്ഷീരവികസനവകുപ്പ് ഇടുക്കി ജില്ലയില്‍ പ്രത്യേകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ലയത്തിലെ തൊഴിലാളികള്‍ക്ക് കാലികളെ വളര്‍ത്തുന്നതിനാവശ്യമായ തൊഴുത്ത് നിര്‍മ്മിക്കുന്നതിനും കാലികളെ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനുമുള്ള സേവനങ്ങൾ നൽകുന്ന പദ്ധതിയാണ് ക്ഷീരലയം. ഒരു ക്ഷീരലയത്തിന് 11 ലക്ഷം രൂപ വരെയാണ് ക്ഷീരവികസനവകുപ്പ് ധനസഹായം നൽകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
3. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ പട്ടികവര്‍ഗവികസന വകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ചേര്‍ന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നു. ഒരു ഗുണഭോക്താവിന് പ്രവര്‍ത്തന മൂലധനവും വാടകമുറിക്കുള്ള സെക്യൂരിറ്റി തുകയും ഉൾപ്പെടെ സൗജന്യമായി 3 ലക്ഷം രൂപയുടെ മുതല്‍മുടക്കിലാണ് മീറ്റ് ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നത്. വൈദ്യുതി കണക്ഷനുള്ള 100 Sq m വിസ്തീര്‍ണ്ണമുളള കടമുറി വാടകയ്‌ക്കോ സ്വന്തമായോ ഗുണഭോക്താവ് കണ്ടെത്തി അറിയിക്കണം. ആകെ പത്തു പേര്‍ക്കാണ് ഇപ്പോള്‍ ഈ ആനുകൂല്യം നല്‍കുന്നത്. അതത് ജില്ലകളിലെ ഡവലപ്‌മെന്റ് ഓഫീസറുടെ ശുപാര്‍ശകളോടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281110007 എന്ന ഫോണ്‍ നമ്പറിലോ mpiedayarmkt@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്), എം പി ഐ ലിമിറ്റഡ്, എടയാര്‍ പി.ഒ, കൂത്താട്ടുകുളം എന്ന വിലാസത്തിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ ബന്ധപ്പെടുക.
Share your comments