ഭൗമോപരിതലത്തിനടിയിൽ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ.രാജീവ് രാഘവൻ ഉൾപ്പെട്ട പഠന സംഘമാണ് ഗൂഡമായ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന സ്‌നേക്ക്‌ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. മത്സ്യത്തിന് 9.2 സെന്റി മീറ്റർ നീളമുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള നെൽവയലിൽ നിന്നാണ് സംഘം പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്.
ഗോലം സ്‌നേക്ക്‌ഹെഡ് എന്നാണ് ഈ മത്സ്യഇനത്തിന് ഇംഗ്ലീഷിൽ പേരു നൽകിയിരിക്കുന്നത്. അനിക്മാചന ഗോലം എന്നതാണ് രാസനാമം. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന വരാൽ ഇനങ്ങൾ ഉൾപ്പെടെ സ്‌നേക്ക്‌ഹെഡ് വർഗ്ഗത്തിൽ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. നോർത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതു കൊണ്ടു തന്നെ വെള്ളമില്ലാത്ത അവസ്ഥയിൽ കരയിൽ ആഴ്ചകളോളം ജീവിക്കാൻ വരാൽ മത്സ്യങ്ങൾക്ക് കഴിയും.
കുളങ്ങളും വയലുകളിലെ നീർച്ചാലുകളും ഉൾപ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി ഇപ്പോൾ കണ്ടെത്തിയ പുതിയ ഇനം വരാൽ ഭൂഗർഭജല അറകളും ഭൂഗർഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ജലോപരിതലത്തിൽ നിന്ന് ശ്വസിക്കാനുള്ള കഴിവില്ലെന്നും ഗവേഷക സംഘം പറഞ്ഞു.
English Summary: rare and new underground fish found
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments