1. റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടി; ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധിയെങ്കിൽ ഇപ്പോൾ അത് 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. അർഹരിലേക് തന്നെ ആനുകൂല്യങ്ങൾ എത്തുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും ആണ് ഈ പദ്ധതി. ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും.
2. സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും എന്ന് മന്ത്രി ജി ആര്‍ അനില്‍. വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുക ആയിരുന്നു മന്ത്രി. പൊതുവിപണിയിലെ നിര്‍ണായക ഇടപെടലാണ് സപ്ലൈക്കോയുടെത് എന്നും സപ്ലൈകോ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ വിപണിയില്‍ ലഭ്യമായ സ്വകാര്യ കമ്പനികളുടെ ഉത്പ്പന്നങ്ങളും വിലകുറച്ച് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. കാംകോയിലെ നെൽകൃഷി വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു. കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ ആഭിമുഖ്യത്തിൽ 8 ഏക്കർ സ്ഥലത്ത് ചെയ്ത നെൽ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കാർഷിക വ്യാപനം സാദ്ധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ കാർഷിക പുരോഗതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ,സഹകരണ പ്രസ്ഥാനങ്ങളും, കാർഷിക സർവ്വകലാശാലകളും, കർഷകരും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും അതിനുള്ള പരിശ്രമങ്ങൾ ഇപ്പോൾ സംസ്ഥാനത്ത് നടന്നു വരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾ: അസംസ്‌കൃത ചണത്തിനു ക്വിന്റലിന് 300 രൂപ വർധിപ്പിച്ച്, ഏറ്റവും കുറഞ്ഞ താങ്ങുവില 5,050 രൂപയാക്കി കേന്ദ്രം
4. ക്ഷീരോത്പാദനത്തില്‍ കേരളം ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതികളുമായാണ് സര്‍ക്കാരിനൊപ്പം മില്‍മയും മുന്നോട്ടു പോകുന്നത്. മില്‍മ ഉത്പ്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച് മില്‍മ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുക ആയിരുന്നു മന്ത്രി. കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ നവീകരിച്ച് മില്‍മ ഫുഡ് ട്രക്കാക്കി ഉപയോഗിക്കുന്നതാണ് പദ്ധതി. യാത്രക്കാര്‍ക്ക് വിശ്വാസയോഗ്യമായ ഉത്പന്നങ്ങള്‍ കഴിക്കുവാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
5. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് പുരസ്കാരവുമായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകി വരുന്നത്. 2021-22 വർഷത്തിൽ ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 962.55 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
6. സപ്ലൈകോ സംഭരിച്ച നെല്ലിന് മൂന്നുമാസമായി പണം ലഭിച്ചില്ലെന്ന് കർഷകർ. മൂന്ന് മാസം മുൻപ് മലപ്പുറത്ത് നെൽ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് വില നൽകാതെ സപ്ലൈകോ.
പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ മലപ്പുറം ജില്ലാ കൃഷിഭവനിലേക്കു മാർച്ച് നടത്തി. ഇത്തവണ കൂടുതൽ വിളവ് ലഭിച്ചെങ്കിലും കർഷകർ ദുരിദത്തിൽ ആണ്. കിലോഗ്രാമിന് 28.20 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. കൈമാറിയ വിളവിന്‍റെ വില ലഭിക്കാന്‍ ഇനിയും വൈകിയാല്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.
7. എന്റെ കേരളം; തനത് ഉത്പന്നങ്ങള്‍ക്ക് ഇടം നല്‍കണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍. ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് സ്റ്റാളുകളില്‍ ഇടം നല്‍കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള സ്റ്റാളുകള്‍ സജ്ജമാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.. മേളയുമായി ബന്ധപ്പെട്ട് ജില്ലാതല വകുപ്പ് മേധാവികളുടെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. യുവാക്കളെയും സ്ത്രീകളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്തിനും നൂതന അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആണ് ഈ മേള.
8. ഒഡിഷയിലെ ബലസോറിൽ നടക്കുന്ന കൃഷി സന്യന്ത്ര 2023 മേളക്ക് ഇന്ന് സമാപനം. സംസ്ഥാനത്തെ 10,000-ത്തിലധികം കർഷകർക്കും, രാജ്യത്തെ ഭക്ഷ്യ-കാർഷിക രംഗത്തെ വ്യവസായികൾക്കും, കാർഷിക മേഖലയിലെ വിദഗ്ധർക്കും മികച്ച അവസരമാണ് മേളയിലൂടെ ലഭിച്ചത്. പുതിയ കാർഷിക ഉപകരണങ്ങൾ, വളങ്ങൾ, വിത്തുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് നിരവതി സ്റ്റാളുകൾ ഉണ്ടായിരുന്നു. കൂടാതെ കാർഷികരംഗത്ത് മാതൃകാപരമായ സംഭാവനകൾ നൽകിയ 50 കർഷകരെ ചടങ്ങിൽ ആദരിച്ചു.
9. റജിസ്റ്റർ വഴി നടന്ന റേഷൻ ഇടപാടിൽ പരിശോധന. ഇ പോസ് തകരാറിനെ തുടർന്ന് നടത്തി വന്നിരുന്ന രജിസ്റ്റർ ഇടപാട് എല്ലാ ഗുണഭോക്താക്കൾക്കും കൃത്യമായ ലഭിച്ചിട്ടുണ്ടോയെന്നു പൊതുവിതരണ വകുപ്പ് പരിശോധിക്കുന്നു. ഇപോസ് തകരാറിലെന്ന പരാതി മൂലം കഴിഞ്ഞ മാസങ്ങളിൽ ഒടിപി വഴിയും റജിസ്റ്ററിൽ രേഖപ്പെടുത്തിയുമുള്ള ഇടപാടുകൾ വർധിച്ചിരുന്നു. മാസാവസാനമായിട്ടും കടയിലെത്തി റേഷൻ വാങ്ങാത്ത ഗുണഭോക്താവിന്റെ പേരിൽ അവരറിയാതെ റജിസ്റ്റർ വഴി ഇടപാട് രേഖപ്പെടുത്താനാകും. ഈ സാധ്യത കണക്കിലെടുത്താണു പരിശോധന.
10. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത കേരളത്തിൽ മാർച്ച് 27 മുതൽ 29 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments