<
  1. News

പിഎം കിസാൻ: രജിസ്റ്റർ ചെയ്യാൻ റേഷൻ കാർഡ് നിർബന്ധം..കൃഷി വാർത്തകളിലേക്ക്

13-ാം ഗഡുവിനായി രജിസ്റ്റർ ചെയ്യുന്ന കർഷകർ റേഷൻ കാർഡിന്റെ പകർപ്പ് കൂടി ഉറപ്പായും നൽകണം

Darsana J

1. PM Kisan Samman Nidhi Yojanaയുടെ അടുത്ത ഗഡു ലഭിക്കാൻ റേഷൻ കാർഡ് വിവരങ്ങൾ നിർബന്ധം. 13-ാം ഗഡുവിനായി രജിസ്റ്റർ ചെയ്യുന്ന കർഷകർ റേഷൻ കാർഡിന്റെ പകർപ്പ് കൂടി ഉറപ്പായും നൽകണം. റേഷൻ കാർഡിന്റെ സോഫ്റ്റ് കോപ്പി PDF രൂപത്തിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്. 13th installment ഡിസംബർ 15നും 20നും ഇടയിൽ ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പിഎം കിസാൻ യോജന ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ e-KYC പൂർത്തീകരിക്കാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല. പിഎം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ കേന്ദ്രങ്ങളോ മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: Khadi: ആരോഗ്യപ്രവർത്തകർ ഇനിമുതൽ ഖാദി കോട്ട് ധരിക്കും..കൂടുതൽ കൃഷി വാർത്തകൾ

2. 150ഓളം പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തനക്ഷമമാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിലവിലുള്ള സംഭരണ കേന്ദ്രങ്ങൾക്ക് പുറമേ നൂറോളം പുതിയ കേന്ദ്രങ്ങൾ കൂടി അനുവദിച്ചതോടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരഫെഡ്, അംഗീകൃത സൊസൈറ്റികൾ, VFPCK എന്നിവ മുഖേനയാണ് നിലവിൽ പച്ചത്തേങ്ങ സംഭരണം നടക്കുന്നത്. പച്ചത്തേങ്ങ സംഭരണത്തിന്റെ പരിധി സർക്കാർ വർധിപ്പിച്ചതോടെ പ്രതിവർഷം ഒരു തെങ്ങിൽ നിന്നും സംഭരിക്കാവുന്ന തേങ്ങകളുടെ എണ്ണം അമ്പതിൽ നിന്നും എഴുപതായി. സംഭരണത്തിനായി കർഷകർക്ക് അതാത് ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. ബന്ധപ്പെട്ട കൃഷിഭവനിലെ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, Aadhaar card എന്നിവയുടെ പകർപ്പുകൾ രജിസ്റ്റർ ചെയ്യാൻ ആവശ്യമാണ്.

3. തരിശുനിലത്തില്‍ വസന്തമൊരുക്കി പെരിങ്കടവിള പഞ്ചായത്ത്. തരിശുനിലം കൃഷിയോഗ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് തത്തിയൂരിൽ പൂകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചത്. നെയ്യാര്‍ ഇറിഗേഷന്റെ പരിധിയിലുള്ള ഒരു ഏക്കര്‍ 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. പുഷ്പകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് തരിശുനിലം കൃഷിയോഗ്യമാക്കി മാറ്റിയത്. 70 സെന്റ് സ്ഥലത്ത് ജമന്തിയും അരളിയും ബാക്കി ഭാഗത്ത് പയര്‍, ചീര, തുടങ്ങിയ പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്.

4. കോട്ടയത്ത് വെണ്ട കൃഷിയുടെ വിളവെടുപ്പ് നടന്നു. ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഷരഹിത വെണ്ട കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫിന് ആദ്യ വിൽപനയും നടത്തി. 2000 തൈകളാണ് ഇവിടെ കൃഷി ചെയ്തത്. പഞ്ചായത്തിലെ പതിനെട്ടു കാർഷിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തി അഞ്ച് മാസം മുമ്പാണ് കാർഷിക വികസന സൊസൈറ്റി ആരംഭിച്ചത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ 12 ഏക്കർ സ്ഥലത്ത് നെൽക്കൃഷിയുമുണ്ട്. മൊത്തം 20 ഏക്കറിലാണ് കൃഷി. വെണ്ടയ്ക്കും നെല്ലിനും പുറമെ കപ്പ, മുളക്, പയർ വർഗങ്ങൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

5. സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തൃശ്ശൂർ ജില്ലയിൽ തുടക്കം. സംസ്ഥാന സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് കുത്തിവെപ്പിന്റെ മൂന്നാംഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. ജില്ലാ എപിഡമോളജിസ്റ്റ് ഡോ. ടി.എസ് രജിത കർഷകർക്ക് ക്ലാസ് എടുത്തു.

6. ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. മെഷീനിലെ തകരാർ മൂലം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ റേഷൻ വിതരണം ഭാഗികമായി തടസപ്പെട്ടു. ഹൈദരാബാദ് എൻ.ഐ.സിയിലെ ആധാർ ഓതന്റിക്കേഷൻ സെർവറിലെ സാങ്കേതിക തടസമാണ് റേഷൻ വിതരണത്തെ ബാധിച്ചത്. പ്രശ്‌നം പരിഹരിച്ച് റേഷൻ വിതരണം സംസ്ഥാനത്ത് പൂർണതോതിൽ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.

7. കേരഗ്രാമം പദ്ധതി ജനകീയമാക്കി ആലങ്ങാട് ഗ്രാമപഞ്ചായത്ത്. ആലങ്ങാട് കൃഷി ഭവനും കർഷക ക്ഷേമ വകുപ്പും നടപ്പിലാക്കുന്ന പദ്ധതി മുഴുവൻ വാർഡുകളിലും വ്യാപിപ്പിച്ചു. നാളികേര കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും നാളികേര സർവ്വേയും അപേക്ഷ ഫോറം വിതരണവും തുടങ്ങി. തെങ്ങുകളുടെ തടം തുറക്കല്‍, തെങ്ങിൻ തോപ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹനം , ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍, രോഗ കീടനിയന്ത്രണം, മരുന്നു തളിക്കൽ, സൗജന്യമായി ജൈവവളം തുടങ്ങിയ ആനുകൂല്യങ്ങളാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.

8. ഉത്പന്നങ്ങളുടെ വിപണി വില ഉത്പാദകർ തന്നെ നിശ്ചയിക്കണമെന്ന് ഉപഭോക്‌തൃ കാര്യ സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ.ഡി.സജിത്ത് ബാബു. പ്രൈസ് മോണിറ്ററിങ് സെൽ എറണാകുളത്ത് സംഘടിപ്പിച്ച കപ്പാസിറ്റി ബിൽഡിംഗ്‌ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രൂപയുടെ ഉത്പന്നം വിൽക്കുമ്പോൾ 25 പൈസയിൽ താഴെ മാത്രമാണ് ഉത്പാദകർക്ക് ലഭിക്കുന്നത്. ഇത് പരിഹരിക്കാൻ കേരളത്തിൽ 'അങ്ങാടി കേരള' എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും കേരളത്തിൽ പ്രത്യേക വില നിർണയ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

9. ഡെങ്കിപ്പനിക്കെതിരെ 7 ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മറ്റ് ജില്ലകളും ജാഗ്രത പുലർത്തണമെന്നും എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തണമെന്നും മന്ത്രി നിർദേശം നൽകി.

10. നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിൽ ഇൻഡസ്ട്രി-അക്കാദമിയ മീറ്റ് സംഘടിപ്പിച്ചു. കാർഷിക വ്യവസായ രംഗത്തെ വിദഗ്ധരുമായി ചർച്ച നടത്താൻ വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് യൂണിവേഴ്സിറ്റി അഗ്രികൾച്ചർ വിഭാഗം ഒരുക്കിയത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് തന്റെ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവച്ചു. കൂടാതെ ധനുക അഗ്രിടെക് ലിമിറ്റഡ് അഡ്വൈസർ കമൽ കുമാർ, ഇഫ്‌കോ ഹെഡ് മൊരൂപ് നാംഗെയ്ൽ തുടങ്ങി നിരവധി പേർ തങ്ങളുടെ കാഴ്ചപ്പാടുകൾ പരിപാടിയിൽ പങ്കുവെച്ചു.

11. കേരളത്തിൽ വരുംദിവസങ്ങളിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്നതു മൂലമാണ് മഴയുടെ ശക്തി കുറയുന്നത്. തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ന്യൂനമർദം ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

English Summary: Ration card mandatory for the registration of pm kisan samman nidhi yojana malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds