1. റേഷൻ കടകളിൽ ശുചിമുറിയും കാത്തിരിപ്പുകേന്ദ്രവും സജ്ജമാക്കാൻ കേന്ദ്ര നിർദേശം. ശുചിമുറി, ശുദ്ധജലം, സിസിടിവി ക്യാമറ, കാത്തിരിപ്പുകേന്ദ്രം എന്നിവ നിർമിച്ചു കൊണ്ട് കടയുടമകൾക്ക് അധിക വരുമാനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും ആധുനിക സൗകര്യങ്ങൾ ഒരുക്കിയ 75 റേഷൻ കടകൾ വീതം സജ്ജമാക്കണമെന്ന് ഭക്ഷ്യ, പൊതുവിതണ വകുപ്പ് സെക്രട്ടറി സഞ്ചീവ് ചോപ്ര അറിയിച്ചു. കൂടാതെ മറ്റ് കടകളിൽ ലഭിക്കുന്ന ഉൽപന്നങ്ങൾ കൂടി റേഷൻ കടകളിൽ ലഭ്യമാക്കണമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ വാർത്തകൾ: പിഎം കിസാൻ വഴി അനർഹർ തട്ടിയെടുത്തത് 43 കോടി രൂപ...കൂടുതൽ വാർത്തകൾ
2. കേരളത്തിന്റെ വ്യവസായ വളർച്ചാ നിരക്ക് റെക്കോർഡ് ഉയരത്തിലെന്ന് വ്യവസായമന്ത്രി പി രാജീവ്. 2014-15ൽ 9.78 ശതമാനമായിരുന്ന നിരക്ക് 2021-22ൽ 18.9 ശതമാനമായാണ് വളർന്നത്. കേരളത്തിന്റെ വ്യവസായ മേഖലയുടെ വളർച്ച നിരക്ക് കോവിഡാനന്തര ഘട്ടത്തിൽ അതിവേഗം കുതിച്ചുയർന്നു എന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്നും ദേശീയാടിസ്ഥാനത്തിൽ ഉൽപാദന മേഖലയുടെ വളർച്ച 18.16 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
3. പ്ലാന്റേഷൻ എക്സ്പോ 2023ന് തിരുവന്തപുരത്ത് തുടക്കം. സൂര്യകാന്തി ഫെയർ ground-ൽ സംഘടിപ്പിച്ച പരിപാടി വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കയർ കൊണ്ട് നിർമിച്ച ചെടിച്ചട്ടികൾ, ഊഞ്ഞാലുകൾ, ചവിട്ടികൾ എന്നിവ 50 ശതമാനം വിലക്കിഴിവിന് ലഭ്യമാണ്. കൂടാതെ വിവിധതരം ചായപ്പൊടികളാണ് എക്സ്പോയുടെ പ്രധാന ആകർഷണം. ഈ മാസം 19 വരെ മേള തുടരും.
4. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്പഴം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പ്പാദിപ്പിക്കാനൊരുങ്ങി ഇന്ത്യ. ജാപ്പനീസ് മാമ്പഴ വകഭേദമായ മിയാസാകിയാണ് ഇന്ത്യയിൽ കൃഷി ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ മാൾഡയിൽ കൃഷിത്തോട്ടം ഒരുക്കാനാണ് തീരുമാനം. ആദ്യമായാണ് മിയാസാകി ഇനം മാമ്പഴം രാജ്യത്ത് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തുടങ്ങുന്നത്. മിയാസാകി ഇനം മാമ്പഴം കിലോഗ്രാമിന് 2.7 ലക്ഷം രൂപയാണ് വില.
5. ഓൺലൈൻ ഇ-ലേലത്തിൽ ഏലയ്ക്ക വില 3000 കടന്നു. കയറ്റുമതി വർധനവും ഉൽപാദനക്കുറവുമാണ് രണ്ട് വർഷത്തിന് ശേഷം ഏലയ്ക്കയുടെ വില ഉയർത്തിയത്. സ്പൈസസ് മോർ ട്രേഡിങ് കമ്പനി കുമളി നടത്തിയ ലേലത്തിൽ 3024 രൂപയ്ക്കാണ് ഏലം വിറ്റത്. ശരാശരി വില ലഭിച്ചത് 1519.98 രൂപയാണ്. ഇടുക്കിയിലെ പ്രധാന വിപണി മേഖലകളായ കട്ടപ്പന, കുമളി, അണക്കര കമ്പോളങ്ങളിൽ സാധാരണ 1400 മുതൽ 1500 രൂപ വരെയാണ് വിപണി വില ലഭിക്കുക.
6. മലപ്പുറം ജില്ലയിൽ പൗള്‍ട്രി ക്ലബിന് തുടക്കം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുട്ടക്കോഴി വിതരണ പദ്ധതിയാണിത്. അറക്കല്‍ MAM യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സറീന ഹസീബ് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ മൃഗ സംരക്ഷണം, കോഴി വളര്‍ത്തൽ എന്നീ മേഖലകളിൽ അഭിരുചി വളര്‍ത്തുക, പഠനത്തോടൊപ്പം വരുമാനം എന്ന അവബോധം ഉണ്ടാക്കുക, പോഷകാഹാര കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ജില്ലയില്‍ തെരഞ്ഞടുക്കപ്പെട്ട 55 സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക.
7. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിൽ വനിത കര്‍ഷകര്‍ക്ക് ഇടവിളക്കിറ്റുകള്‍ വിതരണം ചെയ്യുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 2300 കര്‍ഷകര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇഞ്ചി, കാച്ചില്‍, ചേന, മഞ്ഞള്‍ തുടങ്ങിയ വിത്തുകൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
8. 17-ാംമത് അന്താരാഷ്ട്ര വിള-ശാസ്ത്ര സമ്മേളനവും പ്രദർശനവും ദുബായിൽ ആരംഭിച്ചു. പെസ്റ്റിസൈഡ് മാനുഫാക്‌ചറേഴ്‌സ് ആൻഡ് ഫോർമുലേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയവും, കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് മന്ത്രാലയവും പരിപാടിയ്ക്ക് പിന്തുണ നൽകുന്നുണ്ട്. കാർഷിക വ്യവസായ രംഗങ്ങളിലും ഉൽപാദന മേഖലയിലും പ്രവർത്തിക്കുന്നവർക്ക് പ്രദർശനത്തിലൂടെ വലിയ സാധ്യകൾ നേടാൻ സാധിക്കും.
9. സൗദി അറേബ്യയിലെ വ്യാവസായിക ഉൽപാദന സൂചിക ഉയർന്നു. 2022ൽ 17.1 ശതമാനമാണ് വർധനവ്. രാജ്യത്തെ സാമ്പത്തിക ആസൂത്രണ മന്ത്രാലയമാണ് കണക്ക് വ്യക്തമാക്കിയത്. രാജ്യത്തെ വ്യവസായ മേഖലയുടെ വളർച്ചാനിരക്ക് വിലയിരുത്തുന്നതിനും, മേഖലയിലെ ഹ്രസ്വകാല മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മന്ത്രാലയം എല്ലാ വർഷവും ഉൽപാദന സൂചിക തയാറാക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാത്രം 7.3 ശതമാനം വളർച്ചനിരക്കാണ് രേഖപ്പെടുത്തിയത്.
10. കേരളത്തിൽ മഴ പിൻവാങ്ങിയതോടെ ചൂട് കനക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് വർധിക്കുന്നത്. കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രിയും, തൃശൂർ ജില്ലയിലെ പീച്ചിയിൽ 38.6 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നിർമാണ തൊഴിലാളികളും കർഷക തൊഴിലാളികളും ജോലിസമയം ക്രമീകരിക്കണമെന്നും ധാരാളം വെള്ളം കുടക്കണമെന്നും നിർദേശമുണ്ട്.
Share your comments