
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 2000 രൂപ നോട്ടുകളുടെ വിതരണം നിർത്തലാക്കി. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ പറഞ്ഞിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.
നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ആർബിഐയുടെ ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകളുടെ വിതരണം നിർത്തലാക്കുന്നത്. മെയ് 23 മുതൽ ഏത് ബാങ്കിൽ നിന്നും 2000ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ മാറ്റാൻ സാധിക്കൂ.
2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 2000 ത്തിന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. 2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ അറിയിച്ചു.
Share your comments