തിരുവനന്തപുരം: ഭാരതീയ റിസർവ് ബാങ്ക് സംസ്ഥാന ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഗവണ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു. ഗവണ്മെന്റ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാ തലത്തിൽ ആരംഭിക്കുന്ന ക്വിസ്; ജില്ലാ, സംസ്ഥാന, സോണൽ തലങ്ങൾക്ക് ശേഷം ദേശീയ തലത്തിൽ അവസാനിക്കും. ഉപജില്ലാ/ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീം യഥാക്രമം ജില്ലാ/സംസ്ഥാനതല ക്വിസിൽ പങ്കെടുക്കാൻ അർഹത നേടും.
ജൂൺ, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്തുടനീളം നടത്തുന്ന ക്വിസിനായി, ഉപജില്ലാ തലത്തിൽ ഓരോ സർക്കാർ സ്കൂളിൽ നിന്നും ഒരു ടീമിന് പങ്കെടുക്കാം. രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ടീമിൽ, എട്ടാം ക്‌ളാസ് മുതൽ പത്താം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് ഭാഗമാകാം. ആദ്യ ഘട്ടമായ ഉപജില്ലാ തല ക്വിസ്, ജൂൺ 26 ന് ഓൺലൈനായി നടക്കും.
ഭാരതീയ റിസർവ് ബാങ്കിന്റെയും / നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷന്റെയും വെബ്‌സൈറ്റിൽ ലഭ്യമായ സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും; ജി -20, ബാങ്കിംഗ് സാമ്പത്തിക മേഖലയും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ക്വിസിൽ ഉൾപെടും.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ സ്കൂൾതല പാഠ്യപദ്ധതിയിൽ
ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 5000 രൂപ, 4000 രൂപ, 3000 രൂപ എന്ന ക്രമത്തിൽ സമ്മാനത്തുക നൽകുന്നതാണ്. ജില്ലാ തല ക്വിസിൽ ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ , 5000 രൂപ എന്ന ക്രമത്തിലുമാണ് സമ്മാനത്തുക. സംസ്ഥാന തല ക്വിസിൽ ഇത് 20,000 രൂപ , 15,000 രൂപ, 10,000 രൂപ എന്ന ക്രമത്തിലും നിജപ്പെടുത്തിയിരിക്കുന്നു. വിജയികൾക്കും, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും റിസർവ് ബാങ്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി, സ്കൂളുകൾക്ക് അതാത് ഡി.ഈ.ഓ. ഓഫീസുമായോ റിസർവ് ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസുമായോ ബന്ധപ്പെടുക. (Email: fiddthiro@rbi.org.in , Phone: 9447754658)
Share your comments