ആലപ്പുഴ: രാജ്യാന്തര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര 'നമ്ത്ത് തീവനഗ' യ്ക്ക് സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സ്വീകരണവും ചെറുധാന്യ ഉത്പന്ന പ്രദര്‍ശന - വിപണന - ബോധവത്ക്കരണ കാമ്പയിന്റെ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജ്വശ്വരി നിര്‍വഹിച്ചു.
ചെറുധാന്യ കൃഷിയുടെ ഉപഭോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തല്‍, ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.
ചെറുധാന്യങ്ങളുടെ പ്രദര്‍ശന സ്റ്റാള്‍, ചെറുധാന്യ ഫുഡ് കോര്‍ട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദര്‍ശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയില്‍ നിന്നുള്ള ചെറുധാന്യങ്ങളുടെ 32 ഓളം വരുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം, ചെറു ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ സെമിനാറുകള്‍ എന്നിവയും സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ചു.
ചടങ്ങില്‍ കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍ ടി.എസ്. താഹ, കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ പ്രോഗ്രം ഓഫീസര്‍ പ്രഭാകരന്‍, അസിസ്റ്റന്റ് ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments