ഉത്തരേന്ത്യയിൽ നാശം വിതച്ച് മഴ. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ന്യൂഡൽഹി ഓറഞ്ച് അലർട്ടിലാണ്. ഡൽഹിയിലെ നിരവധി പ്രദേശങ്ങളിലും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗത കുരുക്ക് കൂടാൻ കാരണമായി. അതേസമയം, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.
കേരളത്തിൽ മഴയ്ക്ക് ശമനം
കേരളത്തിൽ മഴയ്ക്ക് ശമനം. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദവും മൺസൂൺ പാത്തിയും
മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി (Off -Shore trough) നിലനിൽക്കുന്നുണ്ട്. നിലവിൽ ജാർഖണ്ഡിന് മുകളിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്.
കൂടുതൽ വാർത്തകൾ: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും, ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
Share your comments