
സംസ്ഥാനത്തെ കോഴി ഫാമുകളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനും കോഴികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഹോര്‍മോണ്‍ സംയുക്തങ്ങള്‍ക്കും വിലക്കേർപ്പെടുത്തി. കേന്ദ്രനിയമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രോഗ ചികിത്സയ്ക്ക് പുറമേയുള്ള ആന്റിബയോട്ടിക്സ് പ്രയോഗം കര്‍ശനമായി വിലക്കുന്നതാണ് നിയമം. 2020 ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ആന്റിബയോട്ടിക്സുകള്‍ ഉപയോഗിക്കാന്‍ അനുവാദം ഉള്ളൂ. ഡോക്ടറുടെ നമ്പര്‍ ഫാമില്‍ പരസ്യപ്പെടുത്തിയിരിക്കണം. മുട്ടയിടല്‍ അവസാനിച്ചാല്‍ കോഴികളെ രജിസ്ട്രേഡ് വ്യാപാരികള്‍ക്കോ കോഴിക്കടകള്‍ക്കോ മാത്രമേ ഇറച്ചിക്കായി നല്‍കാവൂ എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും കരട് നിയമത്തിലുണ്ട്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കോഴിഫാമുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫാമുകളുടെ പ്ലാനും സൗകര്യങ്ങളുമടക്കം അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 6-8 മുട്ടക്കോഴികളെ മാത്രമേ ഒരു കൂട്ടില്‍ വളര്‍ത്താവൂ.
കോഴികള്‍ക്ക് നില്‍ക്കാനും കിടക്കാനും ചിറകടിക്കാനുമുള്ള സൗകര്യത്തിന് വേണ്ടി 550 ചതുരശ്ര സെന്റീമീറ്റര്‍ തറ വിസ്തീര്‍ണര്‍ത്തില്‍ വേണം കൂടുകള്‍ നിര്‍മ്മിക്കേണ്ടത്. നിലവിലുള്ള ഫാമുകള്‍ക്ക് പുതിയ രീതിയിലേക്ക് മാറുന്നതിന് കുറച്ച് കൂടി സമയം അനുവദിക്കാനും പദ്ധതിയുണ്ട്.
Share your comments