
തിരുവനന്തപുരം: റബ്ബർ സബ്സീഡി കൊടുത്ത് തീർക്കുന്നതിന് 50 കോടി പ്രഖ്യാപിച്ചു. തോട്ട വിളകളുടെ വൈവിധ്യ വത്കരണത്തിന് പദ്ധതി തയ്യാറാക്കാൻ രണ്ട് കോടിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ കർഷകരെ അടുത്ത ഘട്ടത്തിലേക്ക് വളർത്തിക്കൊണ്ടുവരാൻ കുടുംബ ശ്രീ വഴി പത്ത് കോടി നൽകും.
ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്റ്റോറേജ് ശൃംഖല, മാര്‍ക്കറ്റിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിൻ, ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയവയുടെ സഹായത്തോടെ ആധുനികവത്കരിക്കും. ഇതിനായി പത്ത് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് തരിശു ഭൂമിയിൽ കൃഷിയിറക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി ഉത്പാദനത്തിൽ വര്‍ദ്ധനവ് ഉണ്ടായി. എന്നാൽ ഇവ ന്യായമായ വിലയ്ക്ക് വാങ്ങാനും വിൽപ്പന നടത്താനും കഴിഞ്ഞില്ല. ഗോഡൗണുകളുടെ കുറവ്, മാര്‍ക്കറ്റിങ് ശൃംഖലയുടെ പോരായ്മ തുടങ്ങിയവ കര്‍ഷകരെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മരച്ചീനി, മറ്റ് കിഴങ്ങു വര്‍ഗങ്ങൾ, മാങ്ങ, കശുമാങ്ങ അടക്കമുള്ളവ ഉപയോഗിച്ച് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കും.
വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു.
Share your comments