കേരള കാർഷിക സർവ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററും, വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതി വികസന സ്ഥാപനമായ APEDA യും സംയുക്തമായി "നെല്ലിന്റേയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടേയും കയറ്റുമതി വികസനം' എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കേരളത്തിലെ തദ്ദേശീയ നെല്ലിനങ്ങളുടേയും അവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടേയും കയറ്റുമതി പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല കേരള കാർഷിക സർവ്വകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. നെൽ കൃഷി മേഖയിൽ ഉത്പാദന വർദ്ധനവിനും മൂല്യവർദ്ധനവിനുമായി സർവ്വകലാശാല നടത്തിയ മുന്നേറ്റങ്ങളും പൊക്കാളി, കൈപ്പാട്, വയനാടൻ ഗന്ധകശാല, വയനാടൻ ജീരകശാല എന്നീ അരിയിനങ്ങൾക്ക് ഭൗമ സൂചികാ പദവി നേടു കൊടുക്കുന്നതിൽ കേരള കാർഷിക സർവ്വകലാശാല വഹിച്ച പങ്കും ഡോ. ജേക്കബ് ജോൺ ഉദ്ഘാടനവേളയിൽ ചൂണ്ടിക്കാട്ടി.
വെള്ളാനിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. മണി ചെല്ലപ്പൻ ശില്പശാലയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. നെല്ലിന്റേയും മൂല്യവർദ്ധിത കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി APEDA നടത്തിയ പ്രവർത്തനങ്ങളേയും മുന്നേറ്റങ്ങളേയും സംബന്ധിച്ച് APEDA, കൊച്ചി, റീജണൽ ഹെഡ് ശ്രീമതി സിമി ഉണ്ണികൃഷ്ണൻ വിർച്വലായി സംസാരിച്ചു. കേരള കാർഷിക സർവ്വകലാശാല പ്രൊഫസറും അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ മേധാവിയുമായ ഡോ.കെ.പി സുധീർ നന്ദി പ്രകാശനം നടത്തി.
ഉദ്ഘാടന ചടങ്ങിനുശേഷം നെല്ലിന്റെ മൂല്യവർദ്ധനവും കയറ്റുമതിയും ആസ്പദമാക്കി വിദഗ്ധരും നെൽകൃഷി മേഖലയിലെ സംരംഭകരും ക്ലാസുകൾ നയിച്ചു. തുടർന്ന് കർഷകർക്കും കയറ്റുമതി സംരംഭകർക്കും പരസ്പരം സംവദിക്കാനുള്ള അവസരം ലഭിച്ചു. ശില്പശാലയോടനുബന്ധിച്ച് വിവിധയിനം നെല്ലിന്റേയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടേയും പ്രദർശനവും സംഘടിപ്പിച്ചു.
Share your comments