
1. വയനാട്ടിൽ നിന്നുള്ള നാടൻ വാഴക്കുലകൾക്ക് വിപണിയിൽ വിലക്കുറവ് ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൃഷിവകുപ്പ്. വയനാട്ടിൽ ഉല്പാദിപ്പിക്കുന്ന നാടൻ വാഴക്കുലകൾക്ക് പൊതു വിപണിയിൽ മതിയായ വില ലഭിക്കുന്നില്ല എന്ന് കാണിച്ച് കർഷകർ കൃഷിവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.എ.ആറിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (എൻ.ആർ.സി.ബി) യുടെ ഡയറക്ടർ ഡോ. സെൽവരാജനും കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ചേർന്ന് നടത്തിയ പ്രാഥമിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. എൻ.ആർ.സി.ബി യുടെ നേതൃത്വത്തിൽ വയനാടൻ വാഴക്കുലയുടെ ഗുണനിലവാരത്തെ കുറിച്ച് ഉടൻ പഠനം ആരംഭിക്കുക, കൂടുതൽ വിളവ് ലഭിക്കുന്നതിന് ടിഷ്യു കൾച്ചർ സാങ്കേതികവിദ്യയുടെ പ്രദർശന തോട്ടം വയനാടിൽ കർഷകരുടെ കൃഷിയിടത്തിൽ നടപ്പിലാക്കുക. എൻ.ആർ.സി.ബി ഉൽപാദിപ്പിച്ച ഗുണമേന്മ ഉറപ്പ് വരുത്തിയിട്ടുള്ള ടിഷ്യൂകൾച്ചർ തൈകൾ പ്രചരിപ്പിക്കുക, എൻ.ആർ.സി.ബി രൂപപ്പെടുത്തിയ വളക്കൂട്ട് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് തളിക്കുക, എൻ.ആർ.സി.ബി വികസിപ്പിച്ച ഏറ്റവും പുതിയ വാഴയിനങ്ങൾ കർഷകർക്കു പ്രദർശന തോട്ടമാക്കാൻ വിതരണം ചെയ്യുക, തൃശൂർ, പാലക്കാട് ജില്ലകളിലെ വാഴക്കുലകളുടെ ഗുണനിലവാരവും വയനാടൻ വാഴക്കുലയുമായി താരതമ്യ പഠനം നടത്തുക, വയനാടിലെ കർഷകർക്ക് എൻ.ആർ.സി.ബി യിൽ പരിശീലനം നൽകുക, എൻ.ആർ.സി.ബി യിൽ നിന്നുള്ള വിദദ്ധരെ ഉൾപ്പെടുത്തി വയനാട്ടിലെ വാഴകൃഷിയെ കുറിച്ച് പഠനം ആരംഭിക്കുക എന്നീ നിർദ്ദേശങ്ങളാണ് വിദഗ്‌ദ്ധ സംഘം അവതരിപ്പിച്ചത്.
2. റബ്ബർ ബോർഡ് കോട്ടയത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗിൽ (NIRT) വച്ച് ഏപ്രിൽ 29 മുതൽ മെയ് 01 വരെ പ്രകൃതിദത്ത റബ്ബർ ലാറ്റക്‌സിൽ ഡ്രൈ റബ്ബർ കണ്ടൻ്റ് (DRC) പരീക്ഷിക്കുന്നതിനുള്ള ത്രിദിന സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സിന് രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ https://bit.ly/3feCcVj എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481- 2353127, 7306464582 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ വയനാട്, കണ്ണൂർ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം പകൽ താപനില ഉയരുന്നു. വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Share your comments