കോട്ടയം: റബർ കടകൾ തുറന്നു വ്യാപാരം സുഗമമാക്കാൻ വൈകാതെ നടപടിയെടുക്കുമെന്നു റബർ ബോർഡ്. കടകൾ തുറക്കുന്നതിനൊപ്പം വ്യാപാരവും വ്യവസായവും മുന്നോട്ടുനീക്കാനുള്ള നടപടി പുരോഗമിക്കുന്നതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ രാഘവൻ പറഞ്ഞു. ഒരു മാസമായി റബർ വ്യാപാര വ്യവസായ മേഖല അടഞ്ഞു കിടക്കുന്നതിനാൽ റബർ ബോർഡും വ്യാപാരികളും ആഭ്യന്തരവില നിശ്ചയിച്ചിട്ടില്ല.വ്യാപാരികളിൽനിന്ന് ഷീറ്റ് വാങ്ങാൻ വ്യവസായികളുമായി അടുത്ത ദിവസം ചർച്ച നടത്തിയ ശേഷം വില നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റബർ വിൽക്കാൻ വിപണിയില്ലാതെ കർഷകരും വ്യാപാരം നടത്താൻ പണമില്ലാതെ ഡീലർമാരും പ്രതിസന്ധിയിലാണ്. ലോക്ക് ഡൗണിനുശേഷം ചരക്ക് വിൽക്കാതെ വ്യാപാരികൾ വലയുന്നു. വ്യാപാരികൾക്കും വലിയ തോതിൽ റബർ സ്റ്റോക്കുണ്ട്.
ചരക്കുമായി പോയ 70 ലോറികൾ പ്രമുഖ ടയർ കന്പനികളുടെ ഗോഡൗണുകളിൽ ഷീറ്റ് ഇറക്കാതെ കിടക്കുന്നു. നിലവിലെ സാഹചര്യത്തിൽ ടയർ വ്യവസായം സുഗമായി മുന്നോട്ടുപോകാൻ ഒരു മാസത്തെ കാലതാമസം വരും. അതേസമയം, ടയർ വിറ്റുപോകാതെ വ്യവസായശാലകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാവില്ലെന്നു വ്യവസായികളും ചൂണ്ടിക്കാട്ടുന്നു.മുൻപ് വിറ്റ ചരക്കിനു പണം ലഭിക്കാത്തതിനാൽ റബർവ്യാപാരം സുഗമമായി നടത്താൻ സാധിക്കില്ല. പുതിയ വിലയ്ക്കു ചരക്ക് വാങ്ങിയാൽ അടുത്തയാഴ്ചയോടെ വിലയിടിലുണ്ടാകുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.നിലവിൽ നാൽപതിനായിരം ടണ്ണിലേറെ റബർ കർഷകരുടെ കൈവശമുണ്ട്. റബർ കടകൾ തുറന്നാൽ അതു പൂർണമായി മാർക്കറ്റിലേക്ക് വന്നേക്കും.
കർഷകർക്കു പണം എത്തിത്തുടങ്ങി
സർക്കാർ റബർ വില സ്ഥിരതാ പദ്ധതിയിലെ കുടിശിക തിർക്കാൻ അനുവദിച്ച 82 കോടി രൂപയിൽ പകുതിയും കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തി. അടുത്തയാഴ്ച ശേഷിക്കുന്ന തുകയും വിതരണംചെയ്യും. കഴിഞ്ഞ സാന്പത്തിക വർഷത്തെ കുടിശികയുടെ ഒരു വിഹിതം നൽകാൻ മാത്രമേ 82 കോടി തികയൂയെന്ന് റബർ ബോർഡ് പറഞ്ഞു. കുറഞ്ഞത് 400 കോടി രൂപകൂടി അനുവദിച്ചാൽ മാത്രമെ കുടിശിക തീർക്കാനാകൂ. കഴിഞ്ഞ രണ്ടു മാസമായി വ്യാപാരം മാന്ദ്യത്തിലായതിനാൽ ഈ ഷീറ്റുകളുടെ ബില്ല് അപ്ലോഡിംഗും മുടങ്ങിക്കിടക്കുകയാണ്.
എന്നാൽ ഷീറ്റ് വിലയും ടയറിന്റെ വിലയും ഗവണ്മെന്റ് തന്നെ നിശ്ചയിച്ചാലേ റബ്ബർ കർഷകരുടെ ബുദ്ധിമുട്ട് മാറിക്കിട്ടു എന്നാണ് കർഷകരുടെ അഭിപ്രായം.
Share your comments