രാജ്യത്ത് വൻകിട സ്വകാര്യ നിക്ഷേപത്തിലൂടെ റബ്ബർ കൃഷി വികസിപ്പിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയവും റബ്ബർ ബോർഡും ഒരുങ്ങുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി പ്രോത്സാഹനത്തിന് ടയർ നിർമാതാക്കളുടെ കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) 1100 കോടി രൂപ മുടക്കും. രാജ്യത്ത് ആദ്യമായാണ് ടയർ നിർമാതാക്കൾ റബ്ബർ കൃഷി പ്രോത്സാഹനത്തിന് പണം മുടക്കുന്നത്.
നവംബർ അഞ്ചിന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ആത്മ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 1000 കോടി രൂപ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ തോട്ടങ്ങൾ വികസിപ്പിക്കാനും 100 കോടി രൂപ ഷീറ്റ് റബ്ബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിനിയോഗിക്കും. ഈ തുക പ്രത്യേക സ്‌കീമിൽ ഉൾപ്പെടുത്തും.
നബാർഡ് വഴി കർഷകർക്ക് വായ്പ അനുവദിക്കും. പലിശയായി അടയ്ക്കേണ്ട തുക കർഷകർക്ക് തിരിച്ചുകിട്ടുന്ന തരത്തിലാണ് പദ്ധതി. അഞ്ചുവർഷംകൊണ്ട് രണ്ടുലക്ഷം ഹെക്ടറിൽ റബ്ബർ കൃഷി വ്യാപിപ്പിക്കും. റബ്ബർ ബോർഡിനാണ് പദ്ധതിയുടെ മേൽനോട്ടം.
പദ്ധതിയുടെ ആദ്യചർച്ചകളാണ് നടന്നതെന്നും വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും റബ്ബർ ബോർഡ് ചെയർമാൻ ഡോ. കെ.എൻ.രാഘവൻ പറഞ്ഞു. രാജ്യത്തെ ആഭ്യന്തര റബ്ബർ ഉത്പാദനം കുറയുന്ന സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയം ഇത്തരമൊരു നിർദേശം വെച്ചത്.
വർഷം ഏഴുലക്ഷം ടൺ ആണ് ആഭ്യന്തര റബ്ബർ ഉത്പാദനം. 11 ലക്ഷം ടൺ ആണ് ഉപഭോഗം. ആവശ്യമുള്ളതിന്റെ 63 ശതമാനമേ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുള്ളൂ.
Share your comments