ആഭ്യന്തര റബ്ബര്‍ ഉത്പാദനം ഇടിയുന്നു.വിപണിയിലെ വിലത്തകര്‍ച്ച കാരണം കര്‍ഷകര്‍ ടാപ്പിങ് കുറയ്ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം. മൂന്നുവര്‍ഷമായി റബർ പുതുതായി കൃഷിചെയ്യുന്നതിനോ, ആവര്‍ത്തന കൃഷിയിലോ കര്‍ഷകര്‍ താത്പര്യം കാണിക്കുന്നില്ല.വളരെ കുറച്ചുപേര്‍ മാത്രമേ ഈ രംഗത്ത് തുടരാന്‍ താത്പര്യം കാണിക്കുന്നുള്ളൂ.എന്നാൽ 2022-25 ആവാതെ വില ഉയരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഏഴുവര്‍ഷത്തോളം പ്രായമെത്തുമ്പോഴാണ് റബ്ബര്‍ ടാപ്പിങ്ങിന് പ്രായമാവുന്നത്. വീണ്ടും ഒരു ഭാഗ്യപരീക്ഷണത്തിന് പുതുതലമുറ കര്‍ഷകര്‍ തയ്യാറല്ല.
ഹെക്ടറിന് 1879 കിലോഗ്രാം എന്ന തോതില്‍ പത്തുവര്‍ഷം മുമ്പ് ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോള്‍ 1458 കിലോഗ്രാമായി കുറഞ്ഞു.മഴയും പ്രളയവും കാലാവസ്ഥാവ്യതിയാനവും കാരണം നടപ്പുസാമ്പത്തികവര്‍ഷം ഇത് വീണ്ടും കുറയാനിടയുണ്ട്.കേരളത്തിലെ ചെറുകിട-നാമമാത്ര കര്‍ഷകരുടെ സംഭാവനയാണ് റബ്ബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും.അര ഹെക്ടറോ അതില്‍ത്താഴെയോ മാത്രമാണ് ഇവര്‍ക്ക് കൃഷിയുള്ളത്. വിലക്കുറവിൻ്റെ പ്രതിസന്ധി ഏറ്റവുംകൂടുതല്‍ അനുഭവിക്കുന്നതും ഇവരാണ്.
1950-ല്‍ 50,000 ടണ്‍ റബ്ബര്‍മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചിരുന്നത്. ഇത് 2012-13ല്‍ 9.13 ലക്ഷം ടണ്ണായി റെക്കോഡിട്ടു. ഇറക്കുമതി കൂടുന്തോറും വില ഇടിയുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് പൊതുസ്ഥിതി.ഇപ്പോള്‍ 5.5 ലക്ഷം ടണ്ണാണ് ഉത്പാദനം. സംസ്ഥാന സര്‍ക്കാരിന്റെ റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയനുസരിച്ച് വിപണിയില്‍ 150 രൂപ കിലോഗ്രാമിന് ലഭ്യമാവുന്നതിനാലാണ് ഇത്രയുമെങ്കിലും ഉത്പാദനം ഉണ്ടാവുന്നത്.
നാലര വര്‍ഷം മുമ്പ് കിലോയ്ക്ക് 245 രൂപ ലഭിച്ച റബ്ബര്‍ വില ഇപ്പോള്‍ നേര്‍പകുതിയായി.ഇക്കാലയളവില്‍ പ്രധാന റബ്ബര്‍ ഉത്പന്നങ്ങളുടെയെല്ലാം വില 25 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്.റബ്ബര്‍ മേഖലയുടെ മൊത്തം തകര്‍ച്ചയ്ക്ക് കാരണമായത് 2012-13ല്‍ കേവലം 50,000 ടണ്ണിന്റെ കുറവു നികത്താന്‍ രണ്ടര ലക്ഷം ടണ്‍ ഇറക്കുമതി ചെയ്തതാണ്.പിന്നീട് നാലര ലക്ഷത്തിലേറെ ടണ്‍ ആയി വര്‍ധിച്ചു. വിപണിവില കിലോയ്ക്ക് 90 വരെയായി കൂപ്പുകുത്തിയിട്ടും ഇറക്കുമതി നിലച്ചില്ല.
Share your comments