തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ സാഗർ പരിക്രമ പരിപാടിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രുപാല തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ ശ്രീ പർഷോത്തം രൂപാല യോഗത്തിൽ പങ്കുവച്ചു.
ഈ വർഷം സെപ്റ്റംബറോടെ ആദ്യത്തെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ അറിയിച്ചു. 2024 മെയ് മാസത്തോടെ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂർണമാകുമെന്നതിൽ കേന്ദ്രമന്ത്രി പോർട്ട് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ശ്രീ എം. വിൻസന്റ് എംഎൽഎ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
നേരത്തെ മുട്ടത്തറയിലെ മത്സ്യത്തൊഴിലാളി ഭവനസമുച്ചയവും മത്സ്യഫെഡ് ഫിഷ്നെറ്റ് ഫാക്ടറിയും കേന്ദ്ര മന്ത്രി സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളുമായും ഫിഷ്നെറ്റ് ഫാക്ടറിയിലെ ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
കാസർകോട് ജൂൺ 8-ന് ആരംഭിച്ച അഞ്ച് ദിവസത്തെ സാഗർ പരിക്രമ യാത്രയുടെ ഏഴാം ഘട്ടം തിരുവനന്തപുരത്ത് സമാപിച്ചു. മത്സ്യത്തൊഴിലാളികളെയും മത്സ്യകർഷകരെയും വിവിധ ഗവൺമെൻറ് പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കുകയുമായിരുന്നു സാഗർ പരിക്രമ യാത്രയുടെ ലക്‌ഷ്യം .
Share your comments