സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അപ്രന്റീസ് തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രാജ്യവ്യാപകമായി 6100 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 26 ആണ്.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകർ ഇംഗ്ലീഷിലും ഹിന്ദിയിലും നടക്കുന്ന എഴുത്തു പരീക്ഷ വിജയിക്കണം. ഇതിൽ വിജയിക്കുന്നവരെ പ്രാദേശിക ഭാഷയിലുള്ള പരീക്ഷ, മെഡിക്കൽ ഫിറ്റ്‌നെസ് പരിശോധന എന്നിവക്കും വിളിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്ക് പരിശീലനം നൽകും.
എസ്‌ബിഐ അപ്രന്റീസ് റിക്രൂട്ട്മെന്റ് 2021: യോഗ്യത
പ്രായം: 2020 ഒക്ടോബർ 31 വരെ 20 മുതൽ 28 വയസ്സ് വരെ പ്രായപരിധി വരുന്നവർക്ക് അപേക്ഷിക്കാം. എസ്‌സി / എസ്ടി / ഒബിസി / പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് സർക്കാർ മാർഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിദ്യാഭ്യാസം
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് ബിരുദതലം പൂർത്തിയാക്കിയിരിക്കണം.
എസ്‌ബിഐ അപ്രന്റീസ് റിക്രൂട്ട്മെന്റ് 2021: പരീക്ഷാ രീതി
സെലക്ഷൻ പരീക്ഷ ഒബ്ജക്ടീവ് രീതിയിലായിരിക്കും നടത്തുക. ഓരോ തെറ്റായ ഉത്തരത്തിനും, ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിൽ നാലിലൊന്ന് കുറയും. ഓഗസ്റ്റ് മാസത്തിൽ ആദ്യപരീക്ഷ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനം അനുസരിച്ച് അവർ തിരഞ്ഞെടുത്ത ഭാഷയുടെ പ്രാദേശിക ഭാഷയുടെ പരീക്ഷ നടക്കും. തുടർന്ന് ഉദ്യോഗാർഥി ജോലിക്ക് അനുയോജ്യനാണോ എന്ന് പരിശോധിക്കാൻ വൈദ്യപരിശോധനയും നടത്തും.
എസ് ബി ഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2021: അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് ബി ഐ, എൻ എസ് ഡി സി എന്നിവയുടെ വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ, ഒപ്പ്, രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ നൽകേണ്ടതുണ്ട്.
Share your comments