പട്ടികജാതി സംരംഭകർക്ക് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽപ്പെട്ട അർഹരായ സംരംഭകരിൽ നിന്ന് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകൾ/ വനിതാ സ്വയംസഹായ സംഘങ്ങൾ എന്നിവർക്കാണ് വായ്പ ലഭിക്കുക. അപേക്ഷകർ 18നും 55നും മദ്ധ്യേ പ്രായമുള്ളവരും കുറഞ്ഞത് എട്ടാം ക്ലാസ് പാസായിട്ടുള്ളവരുമായിരിക്കണം. ഒരു കുടുംബത്തിൽ നിന്ന് ഒരാളെ മാത്രമേ പരിഗണിക്കൂ.
പദ്ധതിയിൽ വായ്പയ്ക്കായി പരിഗണിക്കുന്ന അർഹരായ സംരംഭകർക്ക് മൊത്തം പദ്ധതി തുകയുടെ പരമാവധി 35 ശതമാനം വരെ വായ്പാ ബന്ധിത സബ്‌സിഡിയായി അനുവദിക്കും. മൊത്തം പദ്ധതി തുകയിൽ കുറഞ്ഞത് 10 ശതമാനം വരെ സംരംഭകർ ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. ശേഷിക്കുന്ന തുക വായ്പയായി അനുവദിക്കും.
പദ്ധതിയുടെ നിബന്ധനകൾ പാലിക്കുന്ന അപേക്ഷകരെ മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ.
യോഗ്യരായ സംരംഭകർക്ക് ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Share your comments