തെരുവ് നായകളുടെ ആക്രമണത്തിന് പരിഹാരം കാണാൻ ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗ്ഗങ്ങളാണ് സർക്കാർ അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാകെ ഒരേ മനസ്സോടെ നേരിടേണ്ട പ്രശ്‌നമാണിത്. അതിന് ആസൂത്രിതമായ പരിഹാര മാർഗങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. തെരുവിൽ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തു കൊന്നു കെട്ടിത്തൂക്കിയത് കൊണ്ടും ഈ പ്രശ്‌നത്തിന് പരിഹാരമാകില്ല എന്ന് പ്രത്യേകം ഓർക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്
ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നത് അംഗീകരിക്കാൻ സാധിക്കില്ല. അതുപോലെ വളർത്തു നായ്ക്കളെ സംരക്ഷിക്കാനും തെരുവിൽ ഉപേക്ഷിക്കാതിരിക്കാനുള്ള ശ്രദ്ധയും ജനങ്ങളിൽ എല്ലാവരിലുമുണ്ടാകണം.
തെരുവ് നായ്ക്കളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 21 മരണം ഉണ്ടായിട്ടുണ്ട്. ഇവരിൽ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിനും (ഐ.ഡി.ആർ.വി), ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആർ.ഐ.ജി) എടുക്കാത്തവരാണ്. ഒരാൾ ഭാഗികമായും 5 പേർ നിഷ്‌കർഷിച്ച രീതിയിലും വാക്‌സിൻ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങൾ കണ്ടെത്താനുള്ള ഫീൽഡ്തല അന്വേഷണം പൂർത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാൻ വിദഗ്ധ സമിതിയെ നിയമിച്ചു.
ആന്റി റാബീസ് വാക്‌സിനുകളുടെ ഗുണനിലവാരം നിർണ്ണയിക്കുന്നത് കേന്ദ്രമാണ്. കേന്ദ്ര ടെസ്റ്റിങ് ലബോറട്ടറികൾ സർട്ടിഫൈ ചെയ്ത വാക്‌സിനുകൾ മാത്രമാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വിതരണം ചെയ്യുന്നത്.
പേവിഷബാധ നിർമാർജന പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്. സെപ്തംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. ഈ വർഷം ഏപ്രിൽ മുതൽ വളർത്തു നായ്ക്കളിൽ 2,00,000 പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി. ഇതു കൂടാതെ 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്പുകൾ കടിയേറ്റ മൃഗങ്ങൾക്ക് നൽകി.
വളർത്തുനായ്കൾക്ക് രജിസ്‌ട്രേഷൻ
വളർത്തുനായകളുടെ രജിസ്‌ട്രേഷൻ സംസ്ഥാനത്ത് നിർബന്ധമാക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വളർത്തുനായകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകൾ ഐ.എൽ.ജി.എം.എസ് പോർട്ടൽ വഴി സമർപ്പിക്കാം. വാക്സിനേഷൻ പൂർത്തികരിച്ച് മൂന്ന് ദിവസത്തിനകം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത് ലഭ്യമാക്കും. രജിസ്റ്റർ ചെയ്ത നായകൾക്ക് മെറ്റൽ ടോക്കൺ/കോളർ ഉടമയുടെ ഉത്തരവാദിത്തത്തിൽ ഘടിപ്പിക്കണം എന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.
തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് സെപ്തംബർ 20 മുതൽ ആരംഭിക്കും. ഒരു മാസത്തിൽ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയാണ് ഈ നടപടി പൂർത്തീകരിക്കുക. ഒക്ടോബർ 20 വരെ നീണ്ടു നിൽക്കുന്ന തീവ്ര വാക്‌സിൻ യജ്ഞം നടത്താനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാലിന്യങ്ങൾ പൊതുസ്ഥലത്തു നിക്ഷേപിക്കുന്നത് നായ്ക്കളുടെ കൂട്ടം ചേരലിന് ഒരു പ്രധാന കാരണമാണ്. മാംസ മാലിന്യങ്ങൾ തെരുവുനായകൾക്ക് ഉപയോഗിക്കാനാകുന്ന വിധം നിക്ഷേപിക്കുന്നത് ശക്തമായി തടയും. ഇതിനായി ഹോട്ടലുകൾ, കല്ല്യാണമണ്ഡപങ്ങൾ, റസ്റ്റാറൻറുകൾ, ഭക്ഷണശാലകൾ എന്നിവയുടെ ഉടമകൾ, മാംസവ്യാപാരികൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവരുമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോഗം വിളിച്ചു കർശ്ശന നിർദ്ദേശങ്ങൾ നൽകും.
തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അനിമൽ ഷെൽട്ടർ ആരംഭിക്കും. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഏകോപിപ്പിച്ച് വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Share your comments