പ്രളയാനന്തരം സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മണ്ണിനും പരിസ്ഥിതിക്കും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ശാസ്ത്രീയമായി അവലോകനം ചെയ്ത് വിള സംരക്ഷണത്തിന് വേണ്ട വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് കൃഷിവകുപ്പുമന്ത്രി അഡ്വ.വി.എസ്.സുനിൽ കുമാർ പറഞ്ഞു. പല തരത്തിലുള്ള മാറ്റങ്ങളാണ് മണ്ണിൽ സംഭവിച്ചിട്ടുള്ളത്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പോകുന്നത് വയനാട്ടിൽ വീണ്ടും ശ്രദ്ധയിൽ പ്പെട്ടിരിക്കുകയാണ്. അതുകൂടാതെ വിവിധ ഫംഗസ്, ബാക്ടീരിയ രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
തെങ്ങിൻ്റെ കൂമ്പു ചീയൽ , കുരുമുളകിൻ്റെ ദ്രുതവാട്ടം, കവുങ്ങിൻ്റെ മഹാളി, ജാതി, മറ്റ് സുഗന്ധ വിളകള്ക്കുണ്ടാകുന്ന അഴുകൽ , ഏലത്തിൻ്റെ മൂട് ചീയൽ, റബ്ബറിലെ ഇലകൊഴിച്ചിൽ തുടങ്ങി പല രോഗങ്ങളും പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ വിശദമായ പഠനം നടത്തുന്നതിന് എല്ലാ ജില്ലകളിലും കാർഷിക മേഖലകളിൽ വിദഗ്ദ്ധരായ ശാസ്ത്രജ്ഞന്മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ഉത്തരവായി.കേരള കാർഷിക സർവ്വകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ടീം ജില്ലകളിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു പഠനം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് നല്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് . ഈ ടീമുകൾ നല്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും - അടിയന്തര നടപടികളും സ്വീകരിക്കുവാൻ കൃഷിവകുപ്പ് ഡയറക്ടർക്കും കാർഷിക സർവ്വകലാശാലയ്ക്കും മന്ത്രി നിര്‌ദ്ദേശം നല്കി.
Share your comments