പാലക്കാട്: ആലത്തൂരില്‍ വിത്തുത്സവം-2023 കര്‍ഷക മേളയ്ക്ക് തുടക്കം. ആലത്തൂര്‍ ബ്ലോക്ക് തല ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നൂറിലധികം നാടന്‍ നെല്‍വിത്തുകളും പച്ചക്കറി ഇനങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആത്മ പദ്ധതി, കേരള കാര്‍ഷിക സര്‍വകലാശാല, തണല്‍ തിരുവനന്തപുരം, കേരള ജൈവ കര്‍ഷക സമിതി, നിറ, ബോധി ആലത്തൂര്‍ എന്നിവരുടെ സഹകരണത്തോടെ ആലത്തൂര്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവ കര്‍ഷകരുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്.
കൂടുതൽ വാർത്തകൾ: Ration വിതരണം തുടങ്ങി; വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി
ആലത്തൂര്‍ ബോധി സെന്ററില്‍ സംഘടിപ്പിച്ച പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേളയോട് അനുബന്ധിച്ച് പ്രായോഗിക ജൈവ കൃഷി എന്ന വിഷയത്തില്‍ ദേശീയ ജൈവകര്‍ഷക സമിതി പ്രസിഡന്റ് കെ. പി ഇല്ല്യാസ്, ഋതുചര്യ-ദിനചര്യ വിഷയത്തില്‍ ചന്ദ്രന്‍ എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.
മേളയിലെ ആകർഷണങ്ങൾ
കാവശ്ശേരി അഗ്രോ സര്‍വീസ് സെന്ററിന്റെ നാടന്‍ പച്ചക്കറി വിത്തിനങ്ങൾ, ഫലവൃക്ഷതൈകൾ, തെങ്ങ്, കവുങ്ങ്, ജാതി, മാവ്, പ്ലാവ്, കുടംപുളി, മുരിങ്ങ, പപ്പായ ഇനങ്ങള്‍, കുരുമുളക് തൈകള്‍ കൂടാതെ, ആലത്തൂര്‍ നിറ ഇക്കോഷോപ്പിന്റെ ഭാഗമായി ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും വിവിധ മാമ്പഴങ്ങളുടെ മേളയും കാണികൾക്ക് ആസ്വദിക്കാം.
ജൈവവളങ്ങള്‍, ജൈവ വളക്കൂട്ടുകള്‍, ജീവാണുവളങ്ങള്‍, സ്യുഡോമോണാസ് ട്രൈക്കോഡെര്‍മ, ബ്യുവേറിയ, ലെക്കാനിസീലിയം ഉള്‍പ്പെടെയുള്ള ജൈവ കീടനാശിനികള്‍, കുമ്മായം തുടങ്ങി കൃഷിക്കാവശ്യമായ എല്ലാ ജൈവ ഉത്പാദന ഉപാധികളും കര്‍ഷകര്‍ക്ക് വാങ്ങാം. വിത്തുത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: 9447303431, 9526969605.
പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ആത്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ആഷ മുഖ്യാതിഥിയായി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എല്‍.ആര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, വാര്‍ഡംഗം രമ രാജശേഖരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ്.എ നിസാം, സി.എസ് ബിന്ദു, പി. സിന്ധു ദേവി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മേരി വിജയ, കൃഷ്ണകുമാര്‍ ബോധി എന്നിവര്‍ സംസാരിച്ചു.
വിത്തുത്സവത്തില്‍ ഇന്ന് നടന്നത്..
പരിപാടിയുടെ ഭാഗമായി വിത്തുത്സവത്തില്‍ ജൈവകൃഷിയും ഭക്ഷ്യ സുരക്ഷയും ആഗോള വീക്ഷണത്തില്‍, മണ്ണാണ് ജീവന്‍, ജൈവിക കീടരോഗ നിയന്ത്രണം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. തണല്‍ ഡയറക്ടര്‍ എസ്. ഉഷ, കേരള കാര്‍ഷിക സര്‍വകലാശാല കോളജ് ഓഫ് ഫോറസ്ട്രി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ വിജയന്‍, കേരള കാര്‍ഷിക സര്‍വകലാശാല എ.ഐ.സി.ആര്‍.പി ബയോകണ്‍ട്രോള്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സ്മിത രവി എന്നിവര്‍ നേതൃത്വം നല്‍കും.
Share your comments