ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനത്തിന് എത്തുന്നവർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.റ്റി. ജലീൽ പറഞ്ഞു.വയലാർ ഗ്രാമപഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാവശ്യത്തിന് വേണ്ടി രണ്ടു തവണയിൽ കുടൂതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വരേണ്ട സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച മുഴുവൻ വീടുകൾക്കും നമ്പർ നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കെട്ടിട നിർമ്മാണ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മിച്ചിട്ടുള്ള വീടുകൾക്ക് പിഴ ഈടാക്കി കെട്ടിടനിർമ്മാണം റഗുലറൈസ് ചെയ്യുന്നതിനുള്ള നിയമഭേദഗതി ഉടൻ നടപ്പാക്കും. പിഴയുടെ അമ്പത് ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകും. കെട്ടിടപെർമിറ്റിനുള്ള അപേക്ഷ ഓൺലൈനായി നൽകുന്നതിനുള്ള സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് നടപ്പാക്കിയിട്ടുള്ള സംവിധാനം രണ്ടു വർഷത്തിനകം എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. കെട്ടിടനിർമ്മാണ നിയമത്തിൽ കലോചിതമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 26 ശതമാനം ഫണ്ടു വിനിയോഗം പൂർത്തികരിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും ഫണ്ട് വിനിയോഗം നടന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുൻവർഷം ഇക്കാലയളവിൽ 11 ശതമാനമാണ് വിനിയോഗിച്ചിട്ടുള്ളത്. വയലാർ ഗവൺമെന്റ് ഐ.ടി.ഐ.യ്ക്ക് വാങ്ങിയ വസ്തുവിന്റെ രേഖാ കൈമാറ്റവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ ആധ്യക്ഷത വഹിച്ചു. വയലാറിന്റെ വികസനത്തിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഫറൻസ് ഹാൾ ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ തമ്പി, ഫോട്ടോ അനാച്ഛാദനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന വി.എൻ. ഗോപാലകൃഷണൻ, സിന്ധു വാവക്കാട്, ലാലി സരസ്വതി, ജി. ബാഹുലേയൻ, ബീന തങ്കരാജ്, എൻ. പ്രതാപചന്ദ്രൻ എന്നിവർ ആദരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ ബെന്നി, തദ്ദേശ സ്വയംഭരണസ്ഥാപന ജനപ്രതിനിധികളായഗീത വിശ്വംഭരൻ,എ.റ്റി.ശ്രീജ,എസ്.വി.ബാബു, ഇന്ദിര ജനാർദ്ദനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, യുവജനക്ഷേമ ബോർഡംഗം മനു സി. പുളിക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Share your comments