പത്തനംതിട്ട: സ്മാര്‍ട്ട് കൃഷിഭവനുകളിലൂടെ കൃഷി ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കോന്നി അരുവാപ്പുലം സ്മാര്‍ട്ട് കൃഷിഭവന്‍, വിള ആരോഗ്യപരിപാലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും, അരുവാപ്പുലം ബ്രാന്‍ഡ് കുത്തരിയുടെ വിപണനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകനായ പി.വാസുവിനെയും അരുവാപ്പുലം ബ്രാന്‍ഡ് കുത്തരി യാഥാര്‍ഥ്യമാക്കിയ എന്‍.ജെ ജോസഫ്, വി.എന്‍ രാജന്‍ എന്നീ കര്‍ഷകരെയും മന്ത്രി ആദരിച്ചു.
കൂടുതൽ വാർത്തകൾ: ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തോ? സമയപരിധി വീണ്ടും നീട്ടി..
മന്ത്രിയുടെ വാക്കുകൾ..
സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നതിനാണ് പ്രഥമ പരിഗണന. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയോടൊപ്പം കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് നല്‍കിവരുന്ന സേവനങ്ങള്‍ വളരെ വേഗത്തിലും സുതാര്യമായും നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കേരളത്തിലെ കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയിലാണ്. കൃഷിവകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ വിജയത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഓരോ വീടുകളിലും ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്പാദിപ്പിക്കണം.
വിദേശ ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള കാർഷിക വിളകൾ നമ്മുടെ മണ്ണില്‍ സുലഭമായി ഉണ്ടാകുന്നു. ഇവയുടെ വിള വിസ്തൃതി വര്‍ധിപ്പിച്ചും കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ള ഇനങ്ങളെ തെരഞ്ഞെടുത്തു കൊണ്ടും കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കണം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാകേണ്ടതുണ്ട്. അതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ബിസിനസ് മീറ്റുകള്‍ ആരംഭിച്ചു. ഈ വര്‍ഷത്തില്‍ 100 കോടി രൂപയുടെ വിപണി കണ്ടെത്തുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദ്യ ബി ടു ബി മീറ്റില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 39.76 കോടി രൂപയുടെ വിപണി കണ്ടെത്തി.
തുടര്‍ന്ന് ഹരിപ്പാടും ചേര്‍ത്തലയുമായി നടത്തിയ ബിസിനസ് മീറ്റുകളില്‍ 3.26, 1.18 കോടി രൂപയുടെയും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി. അടുത്ത ബി2ബി മീറ്റ് കോന്നി കേന്ദ്രീകരിച്ച് നടത്തും. അതിലൂടെ കോലിഞ്ചി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണി ഉറപ്പാക്കും. കൃഷിയുമായി ബന്ധപ്പെട്ട് സംരംഭകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ സഹായങ്ങള്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആര്‍ ക്ലിനിക്കുകളിലൂടെ സാധ്യമാക്കും.
സ്മാര്‍ട്ട് കൃഷിഭവൻ, ചരിത്രപരമായ നേട്ടം..
സംസ്ഥാന കൃഷി വകുപ്പിനെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണ് സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ചെയ്തതോടെ കൈവരിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. സമീപഭാവിയില്‍ കേരളത്തിലെ എല്ലാ ഓഫീസുകളും സ്മാര്‍ട്ട് ആക്കുക എന്നതാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ചു എന്നതും അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
Share your comments