<
  1. News

റേഷൻ കടകളിൽ പുഴുക്കലരിയില്ല, പച്ചരി മാത്രം..കൂടുതൽ കൃഷി വാർത്തകൾ

സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുക്കലരിക്ക് ക്ഷാമം. നിലവിൽ കടകളിൽ പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്

Darsana J

1. സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുക്കലരിക്ക് ക്ഷാമം. നിലവിൽ കടകളിൽ പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് റേഷൻ വ്യാപാരികളും കാർഡ് ഉടമകളും ആവശ്യപ്പെട്ടു. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. കേരളത്തിൽ അഞ്ച് ലക്ഷത്തിലധികം മഞ്ഞ കാർഡ് ഉടമകളും, 23 ലക്ഷത്തോളം ചുവപ്പ് കാർഡ് ഉടമകളുമുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന പുഴുക്കലരിയും ചാക്കരിയും മാത്രമാണ് ആശ്രയിക്കുന്നത്. എഎവൈ കാർഡ് ഉടമകൾക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും, 4 കിലോ ഗോതമ്പും, 1 കിലോ മട്ട അരിയുമാണ് ലഭിക്കുന്നത്. നിലവിൽ ഇതെല്ലാം നിലച്ച അവസ്ഥയാണ്. പൊതുവിപണിയിൽ പുഴുക്കലരിക്ക് 45 രൂപ വരെ നൽകണം. അരിവില കുത്തനെ ഉയരുന്നതും പുഴുക്കലരി ക്ഷാമവും ഉപഭോക്താക്കളെയും റേഷൻ വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കി.

ബന്ധപ്പെട്ട വാർത്തകൾ: പുതിയ ന്യൂനമർദം; കേരളത്തിന് മുന്നറിയിപ്പ്..കൂടുതൽ കൃഷി വാർത്തകൾ

2. Agri India Startup Assembly & Awards 2022 പുരസ്കാരം സ്വന്തമാക്കി കൃഷി ജാഗരൺ. ഗോവയിൽ നടന്ന ഗ്ലോബോയിൽ & ഷുഗർ സമ്മിറ്റിൽ വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജിതേന്ദർ ജുയാലിൽ നിന്നും കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് അവാർഡ് ഏറ്റുവാങ്ങി. കൂടാതെ APAC Business Awardsൽ 2022ലെ മികച്ച കാർഷിക വാർത്താ പ്ലാറ്റ്ഫോം എന്ന അംഗീകാരവും കൃഷി ജാഗരൺ നേടി. കൃഷി ജാഗരണിന്റെ വളർച്ചയ്ക്ക് ഒപ്പം കൂടെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ഇത്തരമൊരു അംഗീകാരം സ്വന്തമാക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്നും എം.സി ഡൊമിനിക് ചടങ്ങിൽ പറഞ്ഞു.

3. മുന്‍ഗണന കാര്‍ഡുകള്‍ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കൊച്ചി സിറ്റി റേഷനിങ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് കാര്‍ഡുകള്‍ തരം മാറ്റുന്നതിനായി 10 മാസത്തെ സമയം നല്‍കിയിരുന്നു. 1,72,312 പേരാണ് സ്വയം കാർഡ് മാറ്റാൻ തയ്യാറായി. അര്‍ഹരായ ആളുകള്‍ക്ക് അവകാശപ്പെട്ട അനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇതുവഴി സാധ്യമായെന്നും സംസ്ഥാനത്തെ നൂറു ശതമാനം റേഷന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.

4. സ്ത്രീ ശാക്തീകരണ മേഖലയില്‍ കുടുംബശ്രീയുടെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂരിൽ നടക്കുന്ന നയിചേതന കാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തില്‍ ഈ മാസം 23 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ട തലത്തിൽ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. കേരളത്തില്‍ പരിപാടിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈ വിതരണം ചെയ്തു. നല്ലയിനം ഹൈബ്രിഡ് മുളക്, തക്കാളി എന്നിവയാണ് വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം.കെ നജ്മീന്നീസ നിർവഹിച്ചു. 2022-23 ജനകീയ ആസൂത്രണ പദ്ധതിയിലൂടെ 6 ലക്ഷം രൂപ വകയിരുത്തി 2.4 ലക്ഷം തൈകളാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്യുന്നത്.

6. ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് നൽകുന്നു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം ഖാദിഗ്രാമ സൗഭാഗ്യയിലാണ് ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് നല്‍കുന്നത്. ഖാദി തുണിത്തരങ്ങള്‍, ബെഡ്ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ ഈമാസം 19 മുതല്‍ ജനുവരി 5 വരെ 30 ശതമാനം റിബേറ്റോടു കൂടി ലഭിക്കും.

7. കോഴിക്കോട് പനങ്ങാട് ഗ്രാമപഞ്ചായത്തിൽ പോത്തുകുട്ടികളുടെ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ നിർവഹിച്ചു. 23 ലക്ഷം രൂപ ചെലവഴിക്കുന്ന പദ്ധതിയിൽ 140 പേർക്കാണ് ആനുകുല്യം ലഭിക്കുക. ഇതിലുൾപ്പെട്ട 30 പേർക്കാണ് ആദ്യ ഘട്ടത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തത്.

8. വയനാട്ടിൽ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. കാര്‍ഷിക വികസന ക്ഷേമ വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന 'തരിശ് രഹിത ഗ്രാമം പഞ്ചായത്ത്' ക്യാമ്പയിനാണ് പുല്‍പ്പള്ളിയെ തെരഞ്ഞെടുത്തത്. പദ്ധതി പ്രകാരം പഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവന്‍ തരിശിടങ്ങളിലും കൃഷിയിറക്കിയിട്ടുണ്ട്. ആകെ 18 ഹെക്റ്ററില്‍ 16 ഹെക്ടര്‍ കൃഷിയോഗ്യമാക്കി. പനമരം ബ്ലോക്കിലെ ഒരു തദ്ദേശ സ്ഥാപനത്തെയാണ് ഓരോ വര്‍ഷവും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നത്.

9. എരുമ വളർത്തൽ, താറാവ് വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 20ന് എരുമ വളർത്തൽ, 22ന് താറാവ് വളർത്തൽ എന്നീ വിഷയങ്ങളിൽ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടത്തും. 

10. കോഴിക്കോട് ഒഞ്ചിയത്ത് അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കം. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളും മുട്ട ഉല്പാദനത്തിലും, പാൽ ഉല്പാദനത്തിലും, കാർഷിക മേഖലയിലും സ്വയം പര്യാപ്തത നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം.

11. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകർക്ക് ത്രിദിന പരിശീലനം നൽകുന്നു. വേങ്ങേരി കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിൽ ഈ മാസം 21, 22, 23 തീയതികളിലാണ് പരിശീലനം നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. താല്പര്യമുള്ള കർഷകർ ഈമാസം 19ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

12. വെള്ളായണി കാർഷിക കേളേജിൽ ജൈവവൈവിധ്യ പദ്ധതിക്ക് തുടക്കം. കേരളത്തിന്റെ നാടൻ വിളകളും അപൂർവ ഗുണമുള്ള കാർഷിക ഉൽപന്നങ്ങളും കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

 

13. മികച്ച ക്ഷീരകർഷകയെ നിങ്ങൾക്കും തിരഞ്ഞെടുക്കാം. ഇന്ത്യൻ ഡെയറി അസോസിയേൻ 2022ലെ മികച്ച ക്ഷീരകർഷകയെ തിരഞ്ഞെടുക്കാൻ നോമിനേഷൻ ക്ഷണിക്കുന്നു. ഈ മാസം 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടാം.

14. രാജ്യത്തെ ഗോതമ്പ് ശേഖരത്തിൽ വൻ ഇടിവ്. നിലവിൽ ഇന്ത്യയിലെ സ്റ്റോക്കുകൾ 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായാണ് റിപ്പോർട്ട്. ഗോതമ്പിന്റെ ഡിമാൻഡ് കൂടിയതും ഉൽപാദനം കുറഞ്ഞതും വില വർധിപ്പിക്കുമെന്നാണ് സൂചന. പുതിയ വിളവെടുപ്പ് ഉണ്ടാകുന്നത് വരെ വില വർധനവ് തുടരുമെന്നും ഒരു മാസത്തിൽ 2 ദശലക്ഷം ടണ്ണിൽ കൂടുതൽ കരുതൽ ശേഖരം പുറത്തിറക്കാൻ സാധിക്കില്ലെന്നും വ്യാപാരികൾ പറയുന്നു.

15. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

English Summary: shortage of rice in ration shops in kerala more malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds