തൃശ്ശൂർ: ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഒരു കുടുംബത്തിലെ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവനപദ്ധതിയിൽ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പദ്ധതി പ്രകാരം രണ്ടാമത്തെ വീടാണ് മണ്ഡലത്തിൽ നിർമ്മിച്ചു നൽകുന്നത്. മുരിയാട് ഗ്രാമപഞ്ചായത്തിലെ മുല്ലശ്ശേരി വീട്ടിൽ നിഷയ്ക്കും മക്കൾക്കും ആണ് താക്കോൽ കൈമാറിയത്.
ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവൻ പേർക്കും വീട് വെച്ച് നൽകുകയാണ് ലക്ഷ്യം.
എൻഎസ്എസ് യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് സ്നേഹക്കൂട് പദ്ധതിയിൽ നിർധനർക്ക് വീട് വെച്ച് നൽകുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളിൽ സാങ്കേതിക കാരണങ്ങൾ ഉൾപ്പെടാതെ പോയവർക്കാണ് സ്നേഹക്കൂട് പദ്ധതി പ്രകാരം വീട് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിളളി അധ്യക്ഷത വഹിച്ചു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ആർ.എൻ. അൻസർ മുഖ്യാതിഥിയായി. മുരിയാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ, എൻ.എസ്.എസ്. ജില്ലാ കൺവീനർ എം.വി. പ്രതീഷ്, എ.എൻ.വാസുദേവൻ, കെ.എ. മനോഹരൻ, ജോമി ജോൺ, സ്ക്കൂൾ പ്രിൻസിപ്പാൾ ബി.സജീവ്, എഎം. ജോൺസൻ, സ്മിത വിനോദ്, പ്രോഗ്രാം ഓഫീസർ സന്ധ്യ പി.പി.പി.എസി അംഗം ഒ.എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Share your comments