തൃശ്ശൂർ: മിടുക്കരായി പഠിക്കുവാനും പാഠ്യേതര വിഷയങ്ങളിൽ മികവുകാണിക്കാനും സാമൂഹിക ബോധത്തോടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനും കഴിയുന്നവരായി വിദ്യാർത്ഥികളെ വാർത്തെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടുകൂടി കുട്ടികളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ചങ്ങാതിമാരെ പോലെ അധ്യാപകർ കൂടെ ഉണ്ടാവണം. പുതിയ അധ്യയന വർഷം സന്തോഷത്തോടെ ആഘോഷപൂർവ്വമായി ആരംഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
പൂർവ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് വിദ്യാലയത്തിന്റെ വളർച്ചയ്ക്കായി കൂട്ടായ്മകൾ ഉണ്ടാക്കണം. പുതിയ അധ്യയന വർഷത്തിൽ പുത്തൻ യൂണിഫോമും പാഠപുസ്തകങ്ങളും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു കോടി രൂപയുടെ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടിവി ചാർളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിഷ ജോബി, സി സി ഷിബിൻ, ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, എച്ച്എസ്എസ് പ്രിൻസിപ്പാൾ എം കെ മുരളി, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ആർ രാജലക്ഷ്മി, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ, ഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപിക ടി കെ ലത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Share your comments