1. കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. പുതിയ കണ്ടെത്തലുകൾ കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കാനും സാധ്യതയൊരുക്കുന്നതാണ്. ജലാശയ മലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ അർബുദ ഗവേഷണങ്ങളെ സഹായിക്കാനും കണ്ടെത്തലുകൾ ഉപകരിക്കും. നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡേറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. രോഗപ്രതിരോധ ശേഷിയുള്ളതും ഉല്പാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കുമെന്നും കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉല്പാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു
2. മുള/ ഈറ്റ മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ധർക്ക് സംസ്ഥാന ബാംബൂ മിഷൻ രജിസ്‌ട്രേഷന് ഇപ്പോൾ അപേക്ഷിക്കാം. www.keralabamboomission.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജില്ലാ വ്യവസായ കേന്ദ്രം മുഖേന ബാംബൂ മിഷനിലേക്ക് അയച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത അപേക്ഷകൾ പരിശോധിച്ച ശേഷം അർഹരായവർക്ക് മുള/ കരകൗശല തിരിച്ചറിയൽ കാർഡ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് മത്സ്യത്തൊഴിലാളികൾക്കും നിയന്ത്രണങ്ങളില്ല. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. നാളെ മുതൽ 21 ആം തീയതി വരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Share your comments