<
  1. News

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് വിതരണം കർഷകദിനത്തിൽ

കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024ലെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. കർഷകദിനാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അദ്ധ്യക്ഷനാകുന്ന പരിപാടിയിൽ റവന്യു മന്ത്രി കെ രാജനൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

Lakshmi Rathish
സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു
സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു

കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024ലെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു.
മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്യുതമേനോൻ അവാർഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി. 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച കൃഷിഭവന് നൽകുന്ന വി.വി രാഘവൻ സ്മാരക അവാർഡ് മലപ്പുറം താനാളൂർ കൃഷിഭവന് ലഭിച്ചു. 5 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. മിനിമോൾ ജെ.എസിനാണ്.

പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുൽപാദക സമിതിക്കാണ്. അബ്ബണ്ണൂർ ഊരും അടിച്ചിൽത്തൊട്ടി ഉന്നതിയും ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്കാരങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് സി.ജെ സ്‌കറിയ പിള്ളയ്ക്കും കേര കേസരി അവാർഡ് എൻ മഹേഷ് കുമാറിനും ലഭിച്ചു. പൈതൃക കൃഷി / വിത്ത് സംരക്ഷണം / വിളകളുടെ സംരക്ഷണ പ്രവർത്തനം നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്‌കാരം വയനാട്ടിലെ അടുമാരി നേടി. ജൈവ കർഷകനായി റംലത്ത് അൽഹാദും യുവകർഷകനായി മോനു വർഗ്ഗീസ് മാമ്മനും ഹരിതമിത്രമായി ആർ. ശിവദാസനും ഹൈടെക് കർഷകനായി ബി.സി സിസിൽ ചന്ദ്രനും കർഷകജ്യോതിയായി മിഥുൻ എൻ.എസും തേനീച്ച കർഷകനായി ഉമറലി ശിഹാബ് ടി എയും കർഷകതിലകമായി വാണി. വിയും ശ്രമശക്തിയായി പ്രശാന്ത് കെ. പി യും തെരഞ്ഞെടുക്കപ്പെട്ടു. കാർഷിക പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ട്രാൻസ്‌ജെൻഡറിനുള്ള അവാർഡിന് വിനോദിനിയും കാർഷകമേഖലയിലെ നൂതന ആശയത്തിന് ജോസഫ് പീച്ചനാട്ടിനുമാണ് അവാർഡ്.

കർഷകഭാരതി അവാർഡിൽ അച്ചടി മാധ്യമത്തിൽ നിന്നും ഇടുക്കി ജനയുഗം ബ്യൂറോചീഫ് ആർ സാംബനും മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സർജൻ ഡോ. എം മുഹമ്മദ് ആസിഫും ഒന്നാം സ്ഥാനം പങ്കിട്ടു. ദൂരദർശൻ കേന്ദ്രത്തിലെ കുറിച്ചി രാജശേഖരനാണ് ദൃശ്യമാധ്യമ അവാർഡ്. നവമാധ്യമ വിഭാഗത്തിൽ മാതൃഭൂമി കണ്ടന്റ് റൈറ്റർ ട്രെയിനി അനു ദേവസ്യയ്ക്കും ശ്രവ്യമാധ്യമ വിഭാഗത്തിൽ ആകാശവാണി റിട്ട. പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരൻ തഴക്കരയ്ക്കുമാണ്. പി.ജെ. തോമസിനാണ് ക്ഷോണിസംരക്ഷണ അവാർഡ്. മികച്ച കൂൺ കർഷകനായി രാഹുൽ എൻ. വി. യും ചക്ക സംസ്‌കരണത്തിന് തങ്കച്ചൻ വൈ.യും തെരഞ്ഞടുക്കപ്പെട്ടു. ഉത്പാദന മേഖലയിൽ വെള്ളൂർ പച്ചക്കറി കൃഷിക്കൂട്ടത്തെയും സേവനമേഖലയിൽ വല്ലപ്പുഴ കാർഷിക കർമ്മസേന കൃഷിക്കൂട്ടത്തെയും മൂല്യവർദ്ധിത മേഖലയിൽ ഈസി ആൻഡ് ഫ്രഷ് കൃഷിക്കൂട്ടത്തെയും മികച്ച കൃഷിക്കൂട്ടമായി തെരഞ്ഞെടുത്തു. കർഷക വിദ്യാർഥിക്കുള്ള പുരസ്‌കാരത്തിന് സ്‌കൂൾ തലത്തിൽ പാർവതി എസും ഹയർസെക്കൻഡറി തലത്തിൽ സ്റ്റെയിൻ പി എസും കലാലയ തലത്തിൽ വിഷ്ണു സഞ്ജയും അർഹരായി. മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കാണ് കാർഷിക മേഖലയിൽ കയറ്റുമതി ചെയ്യുന്ന ഗ്രൂപ്പിനുള്ള അവാർഡ്.

ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുള്ള അവാർഡും തട്ടേക്കാട് അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ലിമിറ്റഡ് എഫ്.പി.ഒ യ്ക്കുള്ള അവാർഡും നേടി. ഇടച്ചേരി റസിഡൻസ് അസോസിയേഷനാണ് മികച്ച റെസിഡൻസ് അസോസിയേഷൻ. സെന്റ് മേരീസ് യു.പി സ്‌കൂൾ പയ്യന്നൂരും എ.എം.എം.എൽ.പി സ്‌കൂൾ പുളിക്കലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളും എമ്മാവൂസ് വില്ല റെസിഡൻഷ്യൽ സ്‌കൂളും സെന്റ് ഡൊമനിക് സ്‌കൂളും സ്‌പെഷ്യൽ സ്‌കൂളുകളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളും നേടി. പോഷകത്തോട്ടത്തിനുള്ള അവാർഡ് എൻ ഹരികേശൻ നായറും പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ് ചത്തിയറ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററും നേടി. കൃഷി വകുപ്പ് ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ കോട്ടൂർ നെട്ടുകാൽത്തേരി ഓപ്പൺപ്രിസൺ ആൻഡ് കറക്ഷണൽ ഹോമും നീണ്ടകര ഹാർബർ, ഹാർബർ എൻജിനീയറിങ് സെക്ഷൻ നം. 2 അസിസ്റ്റന്റ് എൻജിനീയർ ഓഫീസും വൈക്കം സർക്കാർ അതിഥി മന്ദിരവും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനാണ് സ്വകാര്യ സ്ഥാപനത്തിനുള്ള അവാർഡ്.
വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത എം.കെയും പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ എം വിയും കായംകുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമറാണി പി യും മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർക്കുള്ള അവാർഡുകളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഫാം ഓഫീസർക്കുള്ള അവാർഡുകളിൽ ഒന്നാം സ്ഥാനം ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ് കൃഷി ഓഫീസർ എൻ. സൂരജിനാണ്. രണ്ടാം സ്ഥാനം പെരിങ്ങമല ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് റീജ അർ. എസും മൂന്നാം സ്ഥാനം പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാം സീനിയർ കൃഷി ഓഫീസർ പി പ്രകാശും നേടി. മികച്ച കൃഷി ഓഫീസർ വിഭാഗത്തിൽ വല്ലപ്പുഴ കൃഷി ഭവൻ കൃഷി ഓഫീസർ ദീപ യു. വി ക്കാണ് ഒന്നാം സ്ഥാനം. ഉപ്പുതറ കൃഷിഭവൻ കൃഷി ഓഫീസർ ധന്യ ജോൺസൺ രണ്ടാം സ്ഥാനവും മീനങ്ങാടി കൃഷിഭവൻ കൃഷി ഓഫീസർ ജ്യോതി സി ജോർജ്ജ് മൂന്നാം സ്ഥാനവും നേടി.

മികച്ച അസിസ്റ്റന്റ് കൃഷി ഓഫീസർ/ കൃഷി അസിസ്റ്റന്റിനുള്ള അവാർഡുകളിൽ പേരാമ്പ്ര കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് ഡോ. അഹൽജിത്ത് ആർ ഒന്നാം സ്ഥാനവും വാഴയൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ജാഫർ കെ കെ രണ്ടാം സ്ഥാനവും ചെറുപുഴ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് സുരേശൻ എം.കെ മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ അബ്ദുൾ മജീദ് ടി പി മികച്ച കൃഷി ജോയിന്റ് ഡയറക്ടർക്കുള്ള അവാർഡിനും മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) ശ്രീലേഖ പി കൃഷി ഡെപ്യൂട്ടി ഡയറക്ടർക്കുള്ള അവാർഡിനും വയനാട് കൃഷി അസിസ്റ്റന്റ് എൻജിനീയർ രാജേഷ് പി ഡി എൻജിനീയർക്കുള്ള അവാർഡിനും അർഹരായി. വർഗ്ഗീസ് തോമസിനെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച കർഷകനായും ഫ്യൂസ്‌ലേജ്‌ ഇന്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡിന് മികച്ച കാർഷിക സ്റ്റാർട്ടപ്പായും തെരഞ്ഞെടുത്തു. അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷിഭവന് നൽകുന്ന അവാർഡിന് കണ്ണൂർ മാങ്ങാട്ടിടം കൃഷിഭവനെ തെരഞ്ഞെടുത്തു.
പുരസ്‌കാരങ്ങൾ ആഗസ്റ്റ് 17 തൃശൂർ തേക്കിൻകാട് മൈതനത്ത് രാവിലെ 11 ന് നടക്കുന്ന കർഷകദിനാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അദ്ധ്യക്ഷനാകുന്ന പരിപാടിയിൽ റവന്യു മന്ത്രി കെ രാജനൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു തുടങ്ങിയവർ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. മാസ്കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ബി അശോകും ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനും സംബന്ധിച്ചു.

English Summary: State Farm Awards announced; Awards distribution on Farmers' Day

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds