· ഇരു കരകളും മുളകളുടെ കരുത്തിൽ ബലവത്താകും
· നട്ടത് ഫലവൃക്ഷ തൈകൾ ഉൾപ്പടെ 5,000 വൃക്ഷതൈകൾ
ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കിള്ളിയാർ മിഷൻ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നദിയുടെ കരകളിലും സമീപത്തുമായി 5,000 വൃക്ഷതൈകൾ നട്ടു. കിള്ളിയാറിന്റെ ഇരു കരകളിലും മുളം തൈകളും സമീപത്ത് ഫലവൃക്ഷതൈകളുമാണ് നട്ടത്. പരിപാടിയുടെ ഉദ്ഘാടനം വഴയില മുദി ശാസ്താംകോട്ട് ജലവിഭവ മന്ത്രി മാത്യു.ടി.തോമസ് നിർവഹിച്ചു.
വരും തലമുറയ്ക്കായി ജലം സംരക്ഷിക്കണം എന്ന പൊതുബോധം ആദ്യം ഉണ്ടായാൽ തുടർപ്രവർത്തനങ്ങൾ താനേ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ജലാശയങ്ങളിൽ മാലിന്യമെറിയുന്നവർക്കെതിരെ ശിക്ഷാ നടപടി ശക്തമാക്കിയത് ആരെയും ഉപദ്രവിക്കാനല്ലെന്നും അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് കുറ്റക്കാരെ ഓർമിപ്പിക്കാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിള്ളിയാറിന്റെ തീരത്ത് 22 കിലോമീറ്റർ പ്രദേശത്താണ് വൃക്ഷതൈകൾ നട്ടത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട അഞ്ച് ഗ്രാമ പഞ്ചായത്തുകളും ചേർന്നാണ് പരിപാടിയിൽ പങ്കാളികളായി. തുടർന്ന് വഴയിലയിൽ മുൻ സ്പീക്കറും കെ.റ്റി.ഡി.സി ചെയർമാനുമായ എം. വിജയകുമാർ, കരകുളത്ത് ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ ഹരിലാൽ, ഏണിക്കരയിൽ നാടക പ്രവർത്തകൻ കരകുളം ചന്ദ്രൻ തുടങ്ങിയവരും വൃക്ഷതൈകൾ നട്ടു.
കിള്ളിയാർ മിഷൻ ചെയർമാൻ ഡി.കെ മുരളി എം.എൽ.എ, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, കരകുളം ചന്ദ്രൻ, കിള്ളിയാർ മിഷൻ കോ-ഓർഡിനേറ്റർ എ. സുഹൃത്കുമാർ തുടങ്ങിയവരും പങ്കെടുത്തു.
കിള്ളിയാറിന് കരുത്തുകൂട്ടി 5,000 വൃക്ഷതൈകൾ
· ഇരു കരകളും മുളകളുടെ കരുത്തിൽ ബലവത്താകും · നട്ടത് ഫലവൃക്ഷ തൈകൾ ഉൾപ്പടെ 5,000 വൃക്ഷതൈകൾ
Share your comments