ആലപ്പുഴ: സർക്കാരിന്റെ തെരുവുനായ നിയന്ത്രണപദ്ധതി( എ ബി സി) കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് ബ്രീഡർമാർ ഉൾപ്പെടെയുള്ള നായ ഉടമസ്ഥർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കുമെന്ന് ജില്ലാകലക്ടര്‍ എ.അലക്സാണ്ടർ പറഞ്ഞു.
തെരുവുനായ നിയന്ത്രണ പദ്ധതിയുടെ പ്രതിമാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ് സംസാരിച്ചു.
വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്കും നായകളെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ക്കും ഇത് ബാധകമാക്കും. ഇതിനായി ആറ് മാസം സമയം അനുവദിക്കാനും തീരുമാനിച്ചു.
ഓരോ മാസവും നൽകുന്ന ലൈസൻസുകളുടെ എണ്ണം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ റിപ്പോർട്ട് നൽകണം. വളർത്തു നായ്ക്കൾക്ക് ചിപ്പ് ഘടിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നായകളെ വളര്‍ത്തുന്നവരുടെ കണക്കെടുപ്പ് നടത്തും.
നായകളുടെ വന്ധ്യംകരണത്തിന് ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ കേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വന്ധ്യംകരണത്തിന് വിധേയമായ നായകളുടെ സംരക്ഷണത്തിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കുടുംബശ്രീക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എ.ബി.സി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് പദ്ധതിയില്‍ ഉൾപ്പെടുത്തി കണ്ടെത്തുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളോട് ആവശ്യപ്പെടും.
Share your comments